കുട്ടികളുടെ യാത്രാ ദുരിതത്തിന് പരിഹാരം; തോട്ടുകര അങ്കണവാടിയിലേക്ക് റോഡ്
1541620
Friday, April 11, 2025 1:38 AM IST
തൃക്കരിപ്പൂർ: പടന്ന പഞ്ചായത്തിലെ തോട്ടുകര അങ്കണവാടിയിലേക്ക് റോഡ് യാഥാർത്ഥ്യമായതോടെ കുട്ടികളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 130 മീറ്റർ നീളമുള്ള കോൺക്രീറ്റ് റോഡ് പടന്ന പഞ്ചായത്ത് നിർമിച്ചത്.
മഴക്കാലത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും യാത്രാ ദുസഹമായ സാഹചര്യത്തിൽ വാർഡ് വികസന സമിതി സ്വകാര്യ വ്യക്തികളിൽ നിന്ന് ഭൂമി ലഭ്യമാക്കിയതിനെ തുടർന്നാണ് നിരന്തര ആവശ്യവും അനിവാര്യതയും പരിഗണിച്ച് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയത്.
തോട്ടുകര അങ്കണവാടിയിലേക്കുള്ള കോൺക്രീറ്റ് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.മുഹമ്മദ് അസ്ലം യാത്രക്കായി തുറന്നു കൊടുത്തു. പഞ്ചായത്തംഗം വി. ലത അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.സുമേഷ്, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ്് എൻജിനിയർ സൻബക് ഹസീന, ഇ.തമ്പാൻ, കെ.ദാമോദരൻ എന്നിവർ പ്രസംഗിച്ചു.