ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പ്രമോഷന് ഉടന്‍ വേണം: എകെഎസ്ടിയു
1496735
Monday, January 20, 2025 1:02 AM IST
കാസര്‍ഗോഡ്: അധ്യയന വര്‍ഷം അവസാനിക്കാറായിട്ടും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോഷന് നടക്കാതിരിക്കുന്നത് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയില്‍ നാഥനില്ലാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് എകെഎസ്ടിയു ജില്ലാ കമ്മിറ്റി യോഗം. പ്രിന്‍സിപ്പല്‍ സ്ഥാനക്കയറ്റം ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും അടിയന്തര സന്ദേശമയച്ചു.
വാര്‍ഷിക പരീക്ഷ അടുത്തെത്തിയിട്ടും ആകെയുള്ള 65 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 39 സ്കൂളുകളില്‍ സ്ഥിരം പ്രിന്‍സിപ്പല്‍മാരില്ലാത്ത അവസ്ഥയാണുളളത്. ജൂണിയര്‍ അധ്യാപകര്‍ക്ക് വരെ ചില സ്കൂളുകളില്‍ പ്രിന്‍സിപ്പല്‍ ചുമതല വഹിക്കേണ്ടി വരുന്നു. പഠിപ്പിക്കുന്നതിനോടൊപ്പം പ്രിന്‍സിപ്പല്‍ ചുമതല കൂടിയാകുമ്പോള്‍ ഭാരിച്ച ഉത്തരവാദിത്തമാണ് ഇവര്‍ ഏറ്റെടുക്കേണ്ടി വരുന്നത്. ഹയര്‍ സെൻഡറി വിദ്യാലയങ്ങളില്‍ നിലവില്‍ ക്ലാര്‍ക്ക്, ഓഫീസ് അറ്റൻഡർ, പാര്‍ട് ടൈം സ്വീപ്പര്‍ തസ്തികകള്‍ ഒന്നും തന്നെയില്ല.
എല്ലാ ജോലിയും പ്രിന്‍സിപ്പല്‍മാരും അധ്യാപകരും ചേര്‍ന്ന് ചെയ്യേണ്ട അവസ്ഥയാണ്. ജില്ലയിലെ മുഴുവന്‍ പ്രിന്‍സിപ്പൽ ഒഴിവുകളിലും അടിയന്തരമായി നിയമനം നടത്താന്‍ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.ടി. രാജീവന് അധ്യക്ഷത വഹിച്ചു. വിനയന് കല്ലത്ത്, സുനില്‍കുമാര്‍ കരിച്ചേരി, രാജേഷ് ഓള്നടിയന്, ടി.എ. അജയകുമാര്‍, എ. സജയന്, കെ. ശിശുപാലന്, എം. വിനോദ്കുമാര്‍, എന്‍. പ്രവീണ്‍കുമാര്‍, കെ. നയനകുമാരി എന്നിവര്‍ പ്രസംഗിച്ചു.