മടിക്കൈയിലും ബോവിക്കാനത്തും വീണ്ടും പുലി
1496451
Sunday, January 19, 2025 1:35 AM IST
മടിക്കൈ/ബോവിക്കാനം: മടിക്കൈയിലും ബോവിക്കാനത്തും പുലിഭീഷണിക്ക് അറുതിയില്ല. മടിക്കൈയിൽ കഴിഞ്ഞ ദിവസം വളർത്തുനായയെ കൊന്ന വെള്ളൂടയ്ക്കു സമീപമുള്ള റോഡിലാണ് വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ പുലി വീണ്ടും പ്രത്യക്ഷപ്പെട്ടത്.
ഇതുവഴി ഓട്ടോയിൽ പോവുകയായിരുന്ന രണ്ട് സ്ത്രീകളും ഡ്രൈവർ കുഞ്ഞിരാമനുമാണ് പുലിയെ കണ്ടത്. ഓട്ടോയുടെ വെളിച്ചം തട്ടിയപ്പോൾ ഓടിമാറിയ പുലി തൊട്ടടുത്ത വീടിന്റെ മതിലിനു മുകളിൽ കയറിയതായും ഇവർ പറഞ്ഞു. ദാമോദരൻ നായർ എന്നയാളുടെ വീടിന്റെ മതിലിലാണ് കയറിയത്. അപസമയത്തിനുള്ളിൽ അവിടെനിന്നും ചാടി മറയുകയും ചെയ്തു. ഇതിന് തൊട്ടടുത്ത സ്ഥലത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെന്നാണ് സൂചന.
മുളിയാർ പഞ്ചായത്തിൽ ബോവിക്കാനത്തിനു സമീപം കുട്ടിയാനത്ത് കഴിഞ്ഞ ദിവസം രാത്രി രണ്ടുതവണയാണ് നാട്ടുകാർ പുലിയെ കണ്ടത്.
രാത്രി എട്ടര മണിയോടെ നായ്ക്കളുടെ കരച്ചിൽ കേട്ട് നോക്കിയ ബാവിക്കരയിലെ ദിനേശനാണ് ആദ്യം പുലിയെ കണ്ടത്. രാത്രി പതിനൊന്നരയോടെ സമീപത്തെ റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന രണ്ട് യുവാക്കളും പുലിയെ കണ്ടു.
റോഡിനു കുറുകെ കടന്ന പുലി സമീപത്ത് കാടുപിടിച്ചുകിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്കാണ് പോയതെന്ന് ഇവർ പറഞ്ഞു. രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നതും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നതും ഒഴിവാക്കണമെന്ന് വനംവകുപ്പിന്റെ നിർദേശമുണ്ടെങ്കിലും ജോലി കഴിഞ്ഞ് മടങ്ങുന്നവർ എന്തു ചെയ്യാനാണെന്ന് നാട്ടുകാർ ചോദിക്കുന്നു.
വന്യമൃഗ ആക്രമണം: സർക്കാർ നിസംഗതക്കെതിരേ
ഇന്ന് കർഷക കോൺഗ്രസിന്റെ പ്രതിഷേധ ജ്വാല
കാഞ്ഞങ്ങാട്: നാടെങ്ങും വന്യമൃഗ അക്രമണങ്ങൾ രൂക്ഷമാകുമ്പോൾ സർക്കാരും വനംമന്ത്രിയും വനപാലകരും ഒന്നും ചെയ്യാതെ നോക്കുകുത്തികളായി നിൽക്കുന്നതിനെതിരെ പ്രതിഷേധ ജ്വാലയൊരുക്കാൻ കർഷക കോൺഗ്രസ്. ഇന്ന് വൈകിട്ട് ഏഴു മണിക്ക് സംസ്ഥാന വ്യാപകമായി പതിനായിരം വീടുകളിൽ പന്തം കൊളുത്തിയും ദീപം തെളിയിച്ചുമാണ് പ്രതിഷേധ ജ്വാലയൊരുക്കുകയെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം, വൈസ് പ്രസിഡന്റ് ഡോ. ടിറ്റോ ജോസഫ്, സെക്രട്ടറി സി.വി. ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു.