ചെങ്കല്ലിന് വില ഉയരുന്നു; വീടിനും മതിലിനും ഇനി ചെലവേറും
1496420
Sunday, January 19, 2025 1:33 AM IST
കാസർഗോഡ്: നിർമാണസാമഗ്രികളുടെ വിലക്കയറ്റത്തിനിടയിൽ നേരിയ ആശ്വാസമായിരുന്ന ചെങ്കല്ലിനും വില ഉയരുന്നു. ചെങ്കൽ പണകളിൽ നിന്നുള്ള ദൂരത്തെ അടിസ്ഥാനമാക്കി ഒന്നാം നമ്പർ കല്ലിന് ഇനി 30 മുതൽ 34 രൂപ വരെ നൽകേണ്ടിവരും. രണ്ടാം നമ്പർ കല്ലിന് 26 മുതൽ 31 രൂപ വരെയാകും. ഒരു കല്ലിന് ശരാശരി മൂന്നു രൂപയുടെ അധിക ബാധ്യതയാണ് ഉപഭോക്താക്കൾക്ക് വരുന്നത്.
ചെങ്കൽ ഉത്പാദക ഉടമസ്ഥ ക്ഷേമസംഘമാണ് കല്ലിന്റെ വില കൂട്ടി നിശ്ചയിച്ചത്. 2018 ൽ തന്നെ വിലവർധന നടപ്പാക്കിയിരുന്നതായും അത് കോവിഡ് കാലത്ത് വീണ്ടും കുറച്ചതായിരുന്നുവെന്നുമാണ് സംഘടനയുടെ വിശദീകരണം.
കല്ലിന്റെ വില കൂട്ടിയതിനൊപ്പം തൊഴിലാളികളുടെ വേതനത്തിലും 10 ശതമാനം വർധന അനുവദിച്ചു. ലോഡിംഗ് തൊഴിലാളികൾക്ക് ഒരുകല്ലിന് രണ്ടര രൂപ കിട്ടിയിരുന്നത് ഇനി 2.75 രൂപയാകും.
കാസർഗോഡ് താലൂക്കിലെ ചെങ്കൽ പണകളോടടുത്തു നിൽക്കുന്ന പെർളടുക്കം, കുണ്ടംകുഴി, ബേഡഡുക്ക, മുന്നാട്, കുറ്റിക്കോൽ, പടുപ്പ്, അധികം ദൂരമില്ലാത്ത ഉദുമ, മേൽപ്പറമ്പ്, ബേക്കൽ, ചട്ടഞ്ചാൽ, ദേളി, എരോൽ, പാക്കം, പള്ളിക്കര, പൊയിനാച്ചി, ബട്ടത്തൂർ എന്നിവിടങ്ങളിലേക്ക് ഒന്നാം നമ്പർ കല്ലിന് 30 രൂപയും ബന്തടുക്ക, ചെമ്പരിക്ക, കീഴൂർ, കല്ലുവളപ്പ്, ഉദുമ പടിഞ്ഞാർ, കാസർഗോഡ് എന്നിവിടങ്ങളിലേക്ക് 31 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
ഇവിടങ്ങളിൽ രണ്ടാംനമ്പർ കല്ലിന് പരമാവധി വില 28 രൂപയായിരിക്കും. ഹോസ്ദുർഗ് താലൂക്കിലെ കല്ലൂരാവി, പുഞ്ചാവി, പൊയ്യക്കര, പടന്നക്കാട് ഭാഗങ്ങളിൽ 34 രൂപയും കുശാൽനഗർ, മീനാപ്പീസ്, കാറ്റാടി, കൊളവയൽ ഭാഗങ്ങളിൽ 33 രൂപയും പെരിയ, ചാലിങ്കാൽ, കല്യോട്ട്, മൂന്നാംമൈൽ ഭാഗങ്ങളിൽ 29 രൂപയുമാണ് ഒന്നാംനമ്പർ കല്ലിന്റെ പുതുക്കിയ വില. രണ്ടാം നമ്പർ കല്ലിന് ദൂരത്തിനനുസരിച്ച് 26 മുതൽ 31 രൂപ വരെയാകും.
വണ്ടി ഉടമകൾ ചെങ്കൽ പണകളിൽ നിന്ന് കല്ലെടുക്കുമ്പോൾ ഒന്നാംനമ്പർ കല്ലിന് 20 രൂപയും രണ്ടാം നമ്പറിന് 17 രൂപയും നൽകണമെന്നാണ് നിർദേശം. എന്നാൽ വണ്ടി ഉടമകളുടെ സമ്മർദത്തെ തുടർന്ന് ചിലയിടങ്ങളിൽ 50 പൈസ കുറച്ചിട്ടുണ്ട്. വിലയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് മിക്കയിടങ്ങളിലും വണ്ടി ഉടമകൾ പണകളിൽ നിന്ന് കല്ലെടുക്കുന്നത് നിർത്തിവച്ചു. ചെങ്കൽ പണകളുടെ നടത്തിപ്പുകാർ സ്വന്തം വാഹനങ്ങളിൽ കല്ല് കൊണ്ടുപോകുന്നതിനെ ഇവർ തടയാൻ ശ്രമിച്ചത് ചിലയിടങ്ങളിൽ സംഘർഷത്തിനും ഇടയാക്കി.
കഴിഞ്ഞ ദിവസം ആയംപാറയിൽ സംഘത്തിനിടെ എസ്ഐയ്ക്ക് പരിക്കേറ്റതുമായി ബന്ധപ്പെട്ട് നാല് തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു.
ചിത്താരി കൊളവയലിലെ ആർ. ഷൈജു (36), പുല്ലൂർ കേളോത്തെ കെ. സുനിൽകുമാർ (36), രാവണേശ്വരം നമ്പ്യാരടുക്കത്തെ കെ. മുകേഷ് (36), നമ്പ്യാരടുക്കത്തെ കെ.വിജു (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.