സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനത്തിനുള്ള സെലക്ഷന് ട്രയല്‍ ഇന്ന് നീലേശ്വരത്ത്
1496427
Sunday, January 19, 2025 1:33 AM IST
കാസര്‍ഗോഡ്: സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് സ്കൂളുകളിലും അക്കാഡമികളിലും ഈ വർഷത്തെ പ്രവേശനത്തിനുള്ള സെലക്ഷന് ട്രയല്‍ ഇന്ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും ബന്ധപ്പെട്ട ഇനത്തിൽ കളിക്കാനിറങ്ങുന്നതിനുള്ള വേഷവുമായി രാവിലെ ഒൻപത് മണിക്ക് സ്റ്റേഡിയത്തില്‍ എത്തണം.
തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂള്‍, തൃശൂര്‍ സ്പോര്‍ട്സ് ഡിവിഷന് എന്നിവിടങ്ങളിലേക്കും സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള വിവിധ സ്കൂളുകള്‍, സ്പോര്‍ട്സ് അക്കാദമികൾ എന്നിവിടങ്ങളിലേക്കുമാണ് പ്രവേശനം. 6, 7, 8, പ്ലസ് വണ്‍ ക്ലാസുകളിലേക്കാണ് പ്രവേശനം നല്‍കുക.
9, 10 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശനവും നല്‍കും. സംസ്ഥാന തലത്തില്‍ മെഡല്‍ നേടിയവര്‍ക്കും തത്തുല്യ പ്രകടനം കാഴ്ചവച്ചവര്‍ക്കും മാത്രമേ ലാറ്ററല്‍ എന്‍ട്രിക്കായുള്ള ട്രയലില്‍ പങ്കെടുക്കാനാവുകയുള്ളൂ.
അത്ലറ്റിക്സ്, ബാസ്കറ്റ് ബോള്‍, ബോക്സിംഗ്, ഹോക്കി, ജൂഡോ, വോളിബോള്‍, റസ്ലിംഗ് എന്നീ ഇനങ്ങളിൽ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കും.
ഫുട്ബോളിലും തെയ്ക്കോൺഡോയിലും പെണ്‍കുട്ടികള്‍ക്ക് മാത്രമാകും അവസരം. ആണ്‍കുട്ടികളുടെ ഫുട്ബോള്‍ വിഭാഗത്തിൽ പ്രവേശനം പിന്നീട് നടത്തും.
സെലക്ഷന് ട്രയലുകളുടെ കൂടുതല്‍ വിവരങ്ങള്‍ dsya.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.