ലഹരിക്കെണിയില്‍ പുതുതലമുറ
1496729
Monday, January 20, 2025 1:02 AM IST
കാസര്‍ഗോഡ്: പുതുതലമുറയിലേക്ക് നിരോധിത ലഹരിഉത്പന്നങ്ങള്‍ കടന്നുവരുന്നതിന്റെ ഞെട്ടിക്കുന്ന ഞെട്ടിക്കുന്ന കണക്കുകളുമായി എക്സൈസ് വകുപ്പ്. കഞ്ചാവും എംഡിഎംഎയും ഉപയോഗിച്ചതിന് കഴിഞ്ഞ രണ്ടുവര്ത്തിനുള്ളില് ജില്ലയില്‍ പോലീസ് പോലീസ് പിടിയിലായത് 2281 പേരാണ്. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിന് 5851 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികളില്‍ ഏറെയും യുവാക്കളും വിദ്യാര്‍ഥികളുമാണ്. 30 വയസില്‍ താഴെയുള്ള രണ്ടു യുവതികളും എംഡിഎംഎ ഉപയോഗിച്ചതിന് പോലീസ് പിടിയിലായിട്ടുണ്ട്. പിടിയിലാകാത്തവരുടെ എണ്ണം ഇതിന്റെ എത്രയോ ഇരട്ടിയിലധികമായിരിക്കും. നിരോധിത ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതതമായി വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2023 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 വരെ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത് മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയിലാണ്. 355 കേസുകള്‍. കാസര്‍ഗോഡ്-290, ചന്തേര-262, ഹൊസ്ദുര്‍ഗ്-261, വിദ്യാനഗര്‍-219, ബേക്കല്‍-163, കുമ്പള-142, നീലേശ്വരം-141, ബദിയഡുക്ക-127, മേല്പറമ്പ-115, ആദൂര്‍-60, ബേഡകം-49, ചീമേനി-30, രാജപുരം-24, വനിത സ്റ്റേഷന്-17, വെള്ളരിക്കുണ്ട്-ഒന്‍പത് എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളിലെ കണക്കുകൾ.
മുന്‍കാലങ്ങളില്‍ ആഘോഷപരിപാടികളില്‍ മദ്യപാനസംഘങ്ങളായിരുന്നുവെങ്കില് ഇപ്പോള്‍ പലയിടത്തും ലഹരിമരുന്ന് ഉപയോഗത്തിലേക്ക് മാറിയതായി എക്സൈസ് അധികൃതര്‍ പറയുന്നു. എംഡിഎംഎ പോലുള്ള രാസലഹരികള്‍ ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം അതിന്റെ ലഹരി ഉണ്ടാകുമെന്നതാണ് പുതുതലമുറയെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. രാത്രികാലങ്ങളില്‍ ഇതുപയോഗിച്ച് വാഹനങ്ങള്‍ ഓടിച്ച് അപകടങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകുന്നതും പതിവായിരിക്കുകയാണ്. രാത്രി പട്രോംളിംഗിനിറങ്ങുന്ന പോലീസ് പലപ്പോഴും ഇത്തരക്കാരെ പിടികൂടാറുണ്ടെങ്കിലും ലഹരിക്ക് അടിമപ്പെട്ടവരെ കസ്റ്റഡിയില്‍ എടുത്താല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വയ്യാവേലി ഓര്‍ത്ത് ഇതിനുനേരെ കണ്ണടയ്ക്കാറാണ് പതിവ്.
ചില സ്കൂളുകളിലും ആഘോഷപരിപാടികളില്‍ നിരോധിത ലഹരി ഉത്പന്നങ്ങള്‍ കുട്ടികള്‍ ഉപയോഗിക്കാറുണ്ടെന്ന് അധികൃതര്‍ പറയുന്നു. ലഹരി ഉപയോഗത്തിനെതിരെ നാടൊട്ടുക്കും ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും അതൊന്നും വേണ്ടത്ര ഫലം ചെയ്യുന്നില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനു കീഴില്‍ നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഡീ അഡിക്ഷന് സെന്ററില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ചികിത്സ തേടിയെത്തിയത് 2040 പേരാണ്. ഇതില്‍ സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. പുറത്തെ സ്വകാര്യ ലഹരിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ഇതിന്റെ ഇരട്ടിവരും.