മാലിന്യമുക്തം നവകേരളം: ഹരിത പ്രഖ്യാപനങ്ങള്‍ 26 മുതൽ
1496452
Sunday, January 19, 2025 1:35 AM IST
കാസർഗോഡ്: മാലിന്യമുക്തം നവകേരളം കർമപദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഈ മാസം 26 മുതല്‍ 31 വരെ ഹരിത പ്രഖ്യാപനങ്ങള്‍ നടത്തും. 26 ന് പഞ്ചായത്ത് തലത്തില്‍ പത്ത് വീതവും നഗരസഭകളില്‍ 20 വീതവും ഹരിത പ്രഖ്യാപനങ്ങള്‍ നടത്തണമെന്ന് ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന കർമപദ്ധതിയുടെ ജില്ലാ നിര്‍വഹണ സമിതി യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ നവകേരള മിഷന് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍. സീമ നിർദേശിച്ചു.
സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനം എന്നത് പെട്ടെന്നുണ്ടായ ആശയമല്ലെന്നും 2016 മുതല്‍ തുടര്‍ച്ചയായി നടപ്പിലാക്കിയ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടമാണ് ഈ പരിപാടിയിലൂടെ നടക്കുന്നതെന്നും ടി.എന്‍. സീമ പറഞ്ഞു. മാര്‍ച്ച് 30 ന് സീറോ വേസ്റ്റ് ദിനമെന്ന നേട്ടം കൈവരിക്കുന്നതിന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കാസർഗോഡ് ജില്ല പ്രത്യേകമായി നടത്തിയ ഹരിത ഗ്രന്ഥശാലകളുടെ പ്രഖ്യാപനം സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് അവർ പറഞ്ഞു.
ഹരിത ഓഫീസ്, ഹരിത വിദ്യാലയം, ഹരിത കലാലയം, പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, ഹരിത ടൂറിസം കേന്ദ്രങ്ങള്‍, ഹരിത ടൗണുകള്‍, ഹരിത അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയ പദ്ധതി പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ജില്ലയിലെ മുഴുവന്‍ ഹരിത പ്രഖ്യാപനങ്ങളും ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ദ്രവമാലിന്യ സംസ്കരണത്തിന് പ്രാദേശികമായി അനുയോജ്യമായ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തണമെന്നും അവർ നിർദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരന് എംഎല്‍എ മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജി. സുധാകരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ ഹരിത ഗ്രന്ഥാലയങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. എഡിഎം പി. അഖില്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, പഞ്ചായത്ത് അസോസിയേഷന് ജില്ലാ സെക്രട്ടറി എ.പി. ഉഷ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത, കാസര്‍ഗോഡ് നഗരസഭാധ്യക്ഷന്‍ അബ്ബാസ് ബീഗം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ്, നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.