കിനാനൂർ കരിന്തളം പഞ്ചായത്തിലെ ആയുഷ് സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം
1496455
Sunday, January 19, 2025 1:35 AM IST
കരിന്തളം: കിനാനൂർ - കരിന്തളം പഞ്ചായത്തിലെ ആയുഷ് സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം. കിനാനൂർ ഗവ. ഹോമിയോ ഡിസ്പെൻസറി, പരപ്പ ഗവ. ആയുർവേദ ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങൾക്കാണ് എൻഎബിഎച്ചി (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്) ന്റെ എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചത്.
എൻഎബിഎച്ച് നാഷണൽ അസസർ ഡോ. ജിതിൻ കെ. നായരുടെ നേതൃത്വത്തിലുള്ള സംഘം നേരത്തേ ഈ സ്ഥാപനങ്ങൾ സന്ദർശിച്ച് സൗകര്യങ്ങളും പ്രവർത്തനങ്ങലും വിലയിരുത്തിയിരുന്നു. സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, രോഗനിയന്ത്രണ സംവിധാനങ്ങൾ, രോഗികൾക്ക് ആവശ്യമായ വിവരങ്ങൾ കൈമാറൽ, ഗുണനിലവാരമുള്ള പരിശോധനാ സംവിധാനങ്ങൾ, പരിശീലന പരിപാടികൾ, ഗുണനിലവാരമുള്ള മരുന്നുകളുടെ സംഭരണവും വിതരണവും, സ്ഥാപനത്തിലെത്തുന്ന രോഗികളുടെ അഭിപ്രായം തുടങ്ങിയ ഘടകങ്ങളാണ് പരിഗണിച്ചത്.
രണ്ട് സ്ഥാപനങ്ങളിലും പൊതുജനങ്ങൾക്ക് യോഗ പരിശീലനവും നൽകുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, സെക്രട്ടറി ഷെജി തോമസ്, മെഡിക്കൽ ഓഫീസർമാരായ ഡോ.സി.എസ്. സുമേഷ്, ഡോ.സി.ഉഷ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.