കെഎസ്ഇബിയുടെ ലക്ഷ്യം അഞ്ചുവര്‍ഷത്തിനുള്ളില്‍ 10,000 മെഗാവാട്ട് വൈദ്യുതി: ബിജു പ്രഭാകര്‍
1496734
Monday, January 20, 2025 1:02 AM IST
കാസര്‍ഗോഡ്: സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ 10,000 മെഗാവാട്ട് വൈദ്യുതി ഉത്പാദനം എന്ന ലക്ഷ്യത്തിലെത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നതിനു കെഎസ്ഇബി ചെയര്മാന് ബിജു പ്രഭാകര്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ചെയര്മാന് പദവി ഏറ്റെടുത്ത ശേഷം ആദ്യമായി ജില്ലയില്‍ എത്തിയ അദ്ദേഹം പൈവളിഗെയിലും അമ്പലത്തറയിലുമുള്ള 50 മെഗാവാട്ട് സൗരോര്‍ജ നിലയം സന്ദര്‍ശിച്ചു, ഇതിന്റെ ശേഷി കൂട്ടുന്നതുള്‍പ്പെടെയുള്ള സാധ്യതകള്‍ ആരാഞ്ഞു.
നിലവില്‍ സംസ്ഥാനത്തിന്റെ വൈദ്യുതി ഉത്പാദനം 5000 മെഗാവാട്ടില്‍ താഴെയാണ്. സൗരോര്‍ജ, ജലവൈദ്യുതി പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്കി കേരളത്തെ സ്വാശ്രയത്വത്തില്‍ എത്തിക്കാനുള്ള സാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് പറഞ്ഞു. മയിലാട്ടിയില്‍ തുടങ്ങാനിരിക്കുന്ന പകല്‍ സൗരോര്‍ജം സംഭരിച്ചു രാത്രി ലൈനിലേക്കു നല്കുന്ന സോളാര്‍ സ്റ്റോറേജ് ബാറ്ററി സിസ്റ്റം ഉള്‍പ്പെടെ വ്യാപിപ്പിക്കുന്നതിനും ഇതിനു ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. ജില്ലയില്‍ കൂടുതല്‍ പദ്ധതികള്‍ തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ചെയര്മാന്.
ചീമേനിയില്‍ 100 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നത് ഗുണം ചെയ്യും. കാസര്‍ഗോഡ്-കണ്ണൂര്‍ ജില്ലകളിലെ വൈദ്യുതി ഉദ്യോഗസ്ഥരുടെ യോഗം ഇന്നു കണ്ണൂരില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദേശങ്ങളും നിലവിലുള്ള പ്രശ്നങ്ങളും അടങ്ങുന്ന വിവരങ്ങള്‍ യോഗത്തില്‍ ചെയര്മാന് മുന്‍പാകെ അവതരിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൈവളികെ സൗരോര്‍ജ നിലയത്തില്‍ എത്തിയ ബോര്‍ഡ് ചെയര്‍മാനെ വൈദ്യുതി ബോര്‍ഡിന്റെ വിവിധ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.
ബോര്‍ഡ് ഡയറക്ടര്‍ സജി പൗലോസ്, ചീഫ് എന്‍ജിനിയര്‍ ഹരീശന്‍ മെട്ടമ്മല്‍, ആര്‍പിസികെഎല്‍ കണ്‍സള്‍ട്ടന്റ് പി. ജയകൃഷ്ണന്, കെഎസ്ഇബി കാസര്‍ഗോഡ് സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എസ്.ബി. സുരേഷ്കുമാര്‍, എക്സി. എന്‍ജിനിയര്‍ കെ. നാഗരാജഭട്ട്, ട്രാന്സ്മിഷന് വിഭാഗം എക്സി. എന്‍ജിനിയര്‍ സയ്യിദ് സലീം തുടങ്ങിയവര്‍ വൈദ്യുതി വിതരണ, ഉത്പാദന മേഖലകളിലെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. മഞ്ചേശ്വരം, കാസര്‍ഗോഡ് തലൂക്കുകളിലെ പവര്‍കട്ട്, ജില്ലയില്‍ ഉദ്യോഗസ്ഥരുടെ അഭാവം, വിവിധ വികസന പദ്ധതികള്‍ തുടങ്ങാതെ കിടക്കുന്നത് ഉള്‍പ്പെടെ വിവരങ്ങള്‍ നാളെ കണ്ണൂരില്‍ നടക്കുന്ന യോഗത്തില്‍ വിശദമായി സമര്‍പ്പിക്കും.