പുലിപ്പേടിയില്‍ വിറങ്ങലിച്ച് മടിക്കൈ നിവാസികള്‍
1496731
Monday, January 20, 2025 1:02 AM IST
കാഞ്ഞങ്ങാട്: മാസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തി പുലി. മടിക്കൈ പഞ്ചായത്തില ഒന്ന്, നാല് വാര്‍ഡുകളിലെ പുലിയെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാതെ ജനങ്ങള്‍. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ നാട്ടുകാര്‍ പുലിയെ കണ്ടത്ത് പത്തിലേറെ തവണ.
വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും നാട്ടുകാര്‍ പുലിയെ കണ്ടു. വെള്ളിയാഴ്ച രാത്രി 9.30 ഓടെ ഓട്ടോ ഡ്രൈവര്‍ തായങ്കടയിലെ കുഞ്ഞിരാമനും ബന്ധുക്കളായ രണ്ടു സ്ത്രീകളും നേരിട്ട് പുലിയെ കണ്ടു. ഇവര്‍ സഞ്ചരിച്ച ഓട്ടോക്ക് കുറുകെ ഓടിയ പുലി തായങ്കടയിലെ ദാമോദരന്‍ നായരുടെ വീടിന്റെ മതിലില്‍ കയറിയിരിക്കുകയായിരുന്നു. ഏറെ നേരം പുലി മതിലിന് മുകളില്‍ ഇതിനായി ഇവര്‍ പറഞ്ഞു. അതു കൊണ്ട് ഇതു പുലി തന്നെയെന്ന് ഉറപ്പിക്കാനായി. ശനിയാഴ്ച രാവിലെ ടാപ്പിംഗ് തൊഴിലാളിയായ വാഴക്കോട് കക്കട്ടില്‍ ടി. ചന്ദ്രന് ടാപ്പിംഗിനിടെയാണ് പുലിയെ കണ്ടത്. പാറക്കെട്ടിന് മുകളില്‍ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ഇയാള്‍ ഒച്ച വച്ചപ്പോള്‍ പാറക്കെടില് നിന്ന് തിരിച്ച് പോയി.
ഒരു ഇടവേളക്കുശേഷം കഴിഞ്ഞ മാസം 15നാണ് നെല്ലിയടുക്കത്തെ ബിജുവിന്റെ വീട്ടുമുറ്റത്തെ വളര്‍ത്തുനായയുടെ കൂടിന് സമീപം പുലിയെ കണ്ടത്. തൊട്ടടുത്ത ദിവസം തന്നെ വാഴക്കോട്ട് പ്രവാസിയായ ഉണ്ണിക്കൃഷ്ണന്റെ വീട്ടില്‍ മുറ്റത്തും പുലിയെത്തിയിരുന്നു കഴിഞ്ഞ 21ന് വാഴക്കോട് തട്ടുമ്മലിയിലെ നന്ദിനിയുടെ വീട്ടുപരിസത്തും പുലിയെ കണ്ടു. 23നു കാഞ്ഞിരപ്പൊയില്‍ തോട്ടിനാട് പച്ചക്കുണ്ടിലെ ചാന്തുക്കുട്ടിയുടെ ആടിനെ നാട്ടുകാര്‍ നോക്കിനില്‍ക്കെ പുലി കടിച്ചു കൊന്നിരുന്നു.
26ന് നെല്ലിത്തറ എക്കാലിലും നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. കോടോം-ബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറയിലും പുലിയെ കണ്ടിരുന്നു. ഈ മാസം 11നു കാരാക്കോട് മാധവന് എന്നിവരുടെ വീടിനടുത്തുള്ള നായക്കൂടിനു സമീപം പുലിയെ കാണുകയും ഉണ്ടായി. 13നു പട്ടത്ത് മൂലയിലെ വെള്ളച്ചിയുടെ വളര്‍ത്തുനായ പുലികടിച്ചു കൊന്നിരുന്നു.
വാഴക്കോട്, നെല്ലിയടുക്കം, വെള്ളൂട, കാരാക്കോട്, ചുണ്ട പച്ചക്കുണ്ട്, തോട്ടിനാട്ട്, എച്ചിക്കാനം എന്നീ പ്രാദേശങ്ങളില്‍ ഇപ്പോഴും പുലി വിഹരിക്കുകയാണ്. എല്ലാ സ്ഥലങ്ങളിലും കാണുന്നത് ഓരോ പുലിയെ തന്നെയാണെന്നാണ് സംശയം. ഈ പ്രാദേശമാകെ കുറുക്കന്മാരും തെരുവ് നായകളും കാട്ടുപന്നികളും ഉള്ളത് കൊണ്ടാവാം പുലി ഈ പ്രദേശത്ത് തന്നെ നില്‍ക്കുന്നത്. പുലിപ്പേടി ഉള്ളതുകൊണ്ട് ഈ പ്രദേശങ്ങളില്‍ ടാപ്പിംഗ് തൊഴിലാളികള്‍ ജോലിയെടുക്കാന്‍ പറ്റാത്ത സാഹചര്യമാണ്. അതിരാവിലെയും ജോലിക്ക് പോകുന്നവരും, നടന്ന വരുന്ന വിദ്യാര്‍ഥികളും വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ജോലി കഴിഞ്ഞ് പലരും നേരത്തെ വിടണയുകയാണ് രാത്രിയിലും നാട്ടുകാര്‍ കന്നുകാലികളെയും, ആട്, പട്ടി മറ്റു വളര്‍ത്തു മൃഗങ്ങളെയും സുരക്ഷിതമാക്കി വയ്ക്കുകയാണ്. എന്നാല്‍, ഓരോ പ്രദേശത്തും പുലിയെ കാണുമ്പോഴും ബഹളം ഉണ്ടാക്കി ഓടിച്ചു വിടുമ്പോള്‍ ഒരു സ്ഥലത്തുനിന്നും ഭക്ഷണം കിട്ടാതിരിക്കുമ്പോള്‍ വിശപ്പ് കൊണ്ടും ക്ഷീണം കൊണ്ടും അത് പ്രകോപിക്കപ്പെടാൻ സാധ്യത ഉണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഒറ്റയ്ക്ക് പോകുന്ന സ്കൂള്‍ കുട്ടിയെയും ദുര്ബലായവരെയും ഇരയാക്കാന്‍ സാധ്യത കൂടുതലാണ്. മനുഷ്യര്‍ ദുര്‍ബലര്‍ ആണെന്ന് തിരിച്ചറിഞ്ഞാല്‍ പുലി നരഭോജിയാകും. പുലി വിഷയത്തില്‍ വനപാലകാരുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകളും നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
കഴിഞ്ഞദിവസം കാരാക്കോട്ട് പള്ളത്തിങ്കാലില്‍ പള്ളത്തിന് സമീപം വെള്ളം കുടിക്കാന്‍ പുലിയെത്തുമെന്ന പ്രതീക്ഷയോടെ കാമറ സ്ഥാപിച്ചിരുന്നെങ്കിലും കാമറയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. കാമറയില്‍ പുലിയെ കണ്ടാൽ മാത്രമേ പുലിക്കൂട് സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
പുലി വന്നപ്പോൾ കാട്ടുപന്നി
ആക്രമണങ്ങൾ കുറഞ്ഞു
മടിക്കൈ: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലിയിറങ്ങിയതോടെ കാട്ടുപന്നി ആക്രമണങ്ങളിൽ കുറവുണ്ടായതായി നാട്ടുകാർ. അടുത്തകാലം വരെ പകൽസമയങ്ങളിൽ പോലും പുളച്ചുനടന്നിരുന്ന കാട്ടുപന്നികളെ കാണുന്നതുതന്നെ കുറഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇവ മൂലം കാര്യമായ കൃഷിനാശവും ഉണ്ടായിട്ടില്ല.
എന്നാൽ, പുലിയുടെ സാന്നിധ്യം അതിലേറെ ഭീതിയായതുകൊണ്ട് നാട്ടുകാർക്ക് ഇതിൽ ഒട്ടും ആശ്വാസമില്ല. കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും എണ്ണപ്പെരുപ്പം കൊണ്ടുതന്നെയാണ് മടിക്കൈ പോലുള്ള ഇടനാടൻ പ്രദേശങ്ങളിൽ പോലും പുലിയെത്തിയതെന്ന് എല്ലാവരും ചൂണ്ടിക്കാട്ടുന്നു. മാസങ്ങളായി പുലിഭീഷണി ഒഴിയാത്ത മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിലും ഏതാണ്ട് ഇതേ സാഹചര്യമാണ്.
ശനിയാഴ്ച പുലർച്ചെ വാഴക്കോടിന് സമീപം റബർ തോട്ടത്തിൽ ടാപ്പിംഗിനിറങ്ങിയ ചന്ദ്രൻ എന്നയാൾ പുലിയെ കണ്ട് ഭയന്നോടിയിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ വെള്ളൂടയിൽ ഒരു ഓട്ടോറിക്ഷയിലെ യാത്രക്കാരായ സ്ത്രീകളും ഓട്ടോ ഡ്രൈവറും പുലിയെ നേരിൽ കണ്ടിരുന്നു. നാട്ടുകാർ പലരും പുലിയെ നേരിൽ കാണുമ്പോഴും വെള്ളൂടയിലും ബർമത്തട്ടിലും വനംവകുപ്പ് സ്ഥാപിച്ച കാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ ഇതുവരെ പതിഞ്ഞിട്ടില്ല.