ദേശീയപാത ആറുവരി; പാലങ്ങൾ അഞ്ചുവരി മാത്രം
1496728
Monday, January 20, 2025 1:02 AM IST
കാസർഗോഡ്: പുതിയ ആറുവരി ദേശീയപാതയിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ പാലങ്ങളിൽ കയറുമ്പോൾ ഒന്ന് കിതയ്ക്കേണ്ടിവരും. ദേശീയപാത പൂർണമായും ആറുവരി വാഹന ഗതാഗതത്തിന് സജ്ജമാകുമ്പോഴും പാലങ്ങൾക്ക് അഞ്ചു വരി മാത്രമേ കാണുകയുള്ളൂ. മൂന്നു വരി ഗതാഗതത്തിന് ഉതകുന്ന പുതിയ പാലവും രണ്ടു വരിയുടെ വീതി മാത്രമുള്ള പഴയ പാലവുമാണ് ജില്ലയിൽ മിക്ക പുഴകൾക്കു കുറുകെയും ഉണ്ടാകുക. തേജസ്വിനി പുഴയ്ക്ക് കുറുകേയുള്ള പഴയ പാലം പൂർണമായും പൊളിച്ച് പുതിയ രണ്ടു പാലങ്ങൾ നിർമിക്കുന്ന ചെറുവത്തൂർ കാര്യങ്കോട് മാത്രമാണ് ആറുവരി പാലം ഉണ്ടാകുമെന്നുറപ്പുള്ളത്.
മിക്കയിടങ്ങളിലും പുതിയ പാലങ്ങൾ നിർമിക്കുന്നത് നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറുവശത്താണ്. ഈ നിലയിൽ പുതിയ പാത പൂർത്തിയാകുമ്പോൾ വടക്കുവശത്തേക്കുള്ള വാഹനങ്ങൾ പുതിയ പാലത്തിലൂടെയും തെക്കുവശത്തേക്കുള്ള വാഹനങ്ങൾ പഴയ പാലത്തിലൂടെയുമാകും കടത്തിവിടുക.
കണ്ണൂർ ഭാഗത്തേക്ക് മൂന്നുവരിപ്പാതയിലൂടെ പോകുന്ന വാഹനങ്ങൾ പാലങ്ങൾക്കു മുകളിലെത്തുമ്പോൾ രണ്ടു വരിയിൽ ഒതുങ്ങേണ്ടിവരുമെന്നർഥം. ഇത് മിക്ക പാലങ്ങളിലും ഗതാഗതക്കുരുക്കിന് വഴിവയ്ക്കുമെന്നാണ് ആശങ്ക. കാര്യങ്കോട് പാലത്തിൽ മാത്രമാവും ഇരുവശങ്ങളിലേക്കും മൂന്നുവരി ഗതാഗതം ഉണ്ടാകു.
നീലേശ്വരം, തെക്കിൽ, മൊഗ്രാൽ തുടങ്ങിയ ഇടങ്ങളിൽ തീർത്തും ഇടുങ്ങിയ പഴയ പാലങ്ങൾ പൊളിച്ചുമാറ്റി പുതിയ മൂന്നുവരിപ്പാലങ്ങൾ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. തെക്കിലിൽ ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെ ഈ ആവശ്യം അംഗീകരിക്കപ്പെട്ടേക്കുമെന്നാണ് സൂചന. ഉൾനാടൻ ജലഗതാഗതത്തിന് വഴിയൊരുക്കുന്നതുമായി ബന്ധപ്പെട്ട് നീലേശ്വരത്തും പഴയ പാലം പൊളിച്ച് ഉയരം കൂട്ടി പുനർനിർമിക്കണമെന്ന ആവശ്യം നിലവിലുണ്ട്. എന്നാൽ, മറ്റിടങ്ങളിലെല്ലാം ദേശീയപാതയുടെ ഒരുവശം പഴയ രണ്ടുവരി പാലങ്ങളിൽ ഒതുങ്ങാനാണ് സാധ്യത.
പാലത്തിലെത്തുമ്പോൾ പാത പെട്ടെന്ന് രണ്ടുവരിയായി ചുരുങ്ങുന്നത് സാമാന്യം വേഗതയിൽ വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടാകാൻ വഴിവയ്ക്കുന്നതാണ്. നേരത്തേ ഇതേ രീതിയിൽ ദേശീയപാത നിർമാണം പൂർതിയായ കർണാടകയിൽ ഇത്തരത്തിൽ വലിയ അപകടവും ജീവഹാനിയും ഉണ്ടായിട്ടുണ്ട്.
അപകട സാധ്യത ഒഴിവാക്കാൻ മൊഗ്രാലിലെ പഴയ പാലം പൊളിച്ച് മൂന്നു വരിയാക്കി പുനർ നിർമിക്കുകയും സർവീസ് റോഡ് സ്ഥാപിക്കുകയും ചെയ്യണമെന്ന് മൊഗ്രാൽ ദേശീയ വേദി പ്രസിഡന്റ് ടി.കെ. അൻവർ, ജനറൽ സെക്രട്ടറി എം.എ. മൂസ എന്നിവർ ആവശ്യപ്പെട്ടു.