സർക്കാർ മദ്യവ്യാപന നയം അവസാനിപ്പിക്കണം: മദ്യനിരോധന സമിതി
1496456
Sunday, January 19, 2025 1:35 AM IST
പരപ്പ: പഴവർഗങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള ലൈസൻസ് വ്യക്തികൾക്ക് വരെ യഥേഷ്ടം നൽകുന്ന സംസ്ഥാന സർക്കാരിന്റെ മദ്യവ്യാപന പ്രീണന നയം അവസാനിപ്പിക്കണമെന്ന് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പഴവർഗങ്ങളിൽ നിന്ന് ജനോപകാരപ്രദമായ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനു പകരം മദ്യം ഉത്പാദിപ്പിക്കുന്നത് കുട്ടികളിൽ വരെ മദ്യാസക്തി വളർത്താൻ വഴിയൊരുക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. പരപ്പയിൽ നടന്ന യോഗം സാമൂഹ്യപ്രവർത്തക സിസ്റ്റർ ജയ ആന്റോ മംഗലത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കുര്യൻ തെക്കേകണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടിൽ, ജോസഫ് മുണ്ടാട്ടുചുണ്ടയിൽ, ജോസ് അഗസ്റ്റിൻ കുഴികണ്ടത്തിൽ, കൃഷ്ണൻ പാച്ചേനി, ജോസ് പാലക്കുടി, ഷിബു കുത്തുകല്ലിങ്കൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി ജോസഫ് മുണ്ടാട്ടുചുണ്ടയിൽ - പ്രസിഡന്റ്, ജോസ് അഗസ്റ്റിൻ കുഴികണ്ടത്തിൽ - വൈസ് പ്രസിഡന്റ്, പാച്ചേനി കൃഷ്ണൻ - സെക്രട്ടറി, ഷിബു കുത്തുകല്ലിങ്കൽ - ജോയിന്റ് സെക്രട്ടറി, ജോസഫ് വടക്കേട്ട് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.