ബോവിക്കാനം: ചെർക്കള-ജാൽസൂർ അന്തർസംസ്ഥാന പാതയിൽ കാട്ടുപന്നി വന്നിടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റു. മുള്ളേരിയ പൂവടുക്കയിലെ ഹോട്ടൽ വ്യാപാരി കാസർഗോഡ് പെരുമ്പള സ്വദേശി എ.പി. അബ്ദുൽ ഖാദറി(47)നാണ് പരിക്കേറ്റത്. അബ്ദുൽ ഖാദറിന്റെ കാലിന് പന്നിയുടെ കുത്തേല്‍ക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെ ഹോട്ടലടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. കോട്ടൂരിനും മുളിയാറിനും ഇടയിലുള്ള സ്ഥലത്തുവച്ചാണ് കാട്ടുപന്നി സംസ്ഥാനപാതയ്ക്ക് കുറുകെ ചാടി ബൈക്കിനു നേരെ ചീറിയടത്തത്. പന്നി വന്നിടിച്ചതോടെ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു. ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ച അബ്ദുൽ ഖാദറിന്റെ കാൽമുട്ടിനേറ്റ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് മംഗളൂരുവിലേക്ക് മാറ്റി. കാലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു. പന്നി സുരക്ഷിതമായി കാടുകയറിപ്പോയി.