ബ്രഹ്മഗിരിയിലെ അഴിമതി സമരം ശക്തമാക്കും: കർഷക കോണ്ഗ്രസ്
1532553
Thursday, March 13, 2025 6:13 AM IST
പുൽപ്പള്ളി: ബ്രഹ്മഗിരി കൊള്ളക്കെതിരേ ശക്തമായ സമരവുമായി കർഷക കോണ്ഗ്രസ്. സിപിഎം നേതൃത്വത്തിലുള്ള ബ്രഹ്മഗിരി പദ്ധതിയിൽ പാവപ്പെട്ട ജനങ്ങളുടെ 500 കോടിയിലേറെ രൂപ കൊള്ളയടിച്ചതിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് രൂപം നൽകുമെന്ന് കർഷക കോണ്ഗ്രസ് സുൽത്താൻ ബത്തേരി നിയോജക മണ്ഡല കമ്മിറ്റി പറഞ്ഞു.
ഒരുപാട് പ്രവാസികളുടേയും സാധാരണ തൊഴിലാളികളുടെയും കൈയിൽ നിന്ന് കോടികൾ നിക്ഷേപം സ്വീകരിച്ച് അത് സ്വന്തം കീശവിർപ്പിക്കാൻ ഉപയോഗിച്ച സിപിഎം നേതാക്കൾക്കെതിരേ സമൂഹത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുകയാണ്. പണം നഷ്ടപ്പെട്ട പാവപ്പെട്ട നിക്ഷേപകർ ജീവിക്കാൻ മറ്റ് മാർഗമില്ലാതെ ആത്മഹത്യയുടെ വക്കിലാണ്. നിക്ഷേപകർ വാർത്തസമ്മേളനം നടത്തിയിട്ടും പോലീസിൽ പരാതി കൊടുത്തിട്ടും സിപിഎം നേതാക്കൾ ഉൾപ്പെട്ട കേസിൽ പരാതി സ്വീകരിക്കാൻ പോലും പോലീസും അധികൃതരും തയാറാകുന്നില്ല.
ഇതിനെതിരേ ശക്തമായ സമരം നടത്താൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പരിതോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. എൻ.വി. വിൻസെന്റ്, വി.ഡി. ജോസ്, വിൻസെന്റ് ചേരവേലിൽ, കെ.ജി. ബാബു, സാബു നീറാകുളത്ത്, സുരേന്ദ്രൻ നെല്ലിക്കര, ജോർജ്, ടോമി ചെനാറ്റ് എന്നിവർ പ്രസംഗിച്ചു.