പുനരധിവാസ ടൗണ്‍ഷിപ്പ്; ജില്ലാ കളക്ടർ 199 ഗുണഭോക്താക്കളെ നേരിൽ കണ്ടു
1532501
Thursday, March 13, 2025 5:17 AM IST
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല പുനരധിവാസ ടൗണ്‍ഷിപ്പ് ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 199 ഗുണഭോക്താക്കളെ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ നേരിൽ കണ്ടു സംസാരിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ മൂന്ന് ദിവസങ്ങളിലായി നടന്ന കൂടിക്കാഴ്ചയിൽ ഒന്നാംഘട്ട പട്ടികയിൽ ഉൾപ്പെട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ 22 പേരാണ് ടൗണ്‍ഷിപ്പിൽ വീടിനായി സമ്മതപത്രം നൽകിയത്. ഒരാൾ സാന്പത്തിക സഹായത്തിനും സമ്മതപത്രം നൽകി. ടൗണ്‍ഷിപ്പിന്റെ ഗുണഭോക്തൃ ലിസ്റ്റിലുൾപ്പെട്ടവർക്ക് മാർച്ച് 24 വരെ സമ്മതപത്രം നൽകാം.
ലഭിക്കുന്ന സമ്മതപത്രങ്ങളുടെ പരിശോധനയും സമാഹരണവും ഏപ്രിൽ 13ന് പൂർത്തിയാക്കും. ടൗണ്‍ഷിപ്പിൽ വീട്, സാന്പത്തിക സഹായം എന്നത് സംബന്ധിച്ചുള്ള ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20ന് പ്രസിദ്ധീകരിക്കും. ജില്ലാ കളക്ടറുടെ ഔദ്യോഗിക പേജ്, കളക്ടറേറ്റ്, വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസുകളിൽ അന്തിമ പട്ടിക പ്രസിദ്ധപ്പെടുത്തും.