ലഹരി വിരുദ്ധ ബോധവത്കരണം: കെഎസ്യു ക്യാന്പസ് ജാഗരൻ യാത്രയെ വരവേറ്റ് വയനാട്
1532552
Thursday, March 13, 2025 6:13 AM IST
കൽപ്പറ്റ: കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയകൾക്കെതിരേ ജനമനസുകളും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് "ലഹരി മാഫിയക്കെതിരേ വിദ്യാർഥി മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന "ക്യാന്പസ് ജാഗരൻ യാത്രയ്ക്ക്’ കൽപ്പറ്റ ഗവ. കോളജിൽ സ്വീകരണം നൽകി.
കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ യോഗം എൻഎസ്യുഐ ദേശീയ ജനറൽസെക്രട്ടറി അനുലേഖബൂസ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിൽ പ്രവർത്തകർ സജീവമായി അണിനിരക്കണമെന്ന് അനുലേഖ ആവശ്യപ്പെട്ടു.
അതേസമയം ലഹരി മാഫിയ ക്യാന്പസുകളിൽ തഴച്ചു വളരുന്നത് ആശങ്കാജനകമാണെന്നും ലഹരി വിരുദ്ധ പോരാട്ടങ്ങളെ കെഎസ്യു മുന്നിൽ നിന്ന് നയിക്കുമെന്നും ജാഥാ ക്യാപ്റ്റനും കെഎസ്യു സംസ്ഥാന പ്രസിഡന്റുമായ അലോഷ്യസ് സേവ്യർ പറഞ്ഞു. ജില്ലയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി മാഹിൻ മുപ്പതിൽച്ചിറ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ. യദുകൃഷ്ണൻ, മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ, അരുണ്‍ രാജേന്ദ്രൻ, കെഎസ്യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ്, സംഘടനാ ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.