സുൽത്താൻ ബത്തേരി മേഖലയിൽ ഹർത്താൽ പൂർണം
1514056
Friday, February 14, 2025 4:09 AM IST
സുൽത്താൻ ബത്തേരി: വന്യമൃഗ ആക്രമണത്തിൽ മനുഷ്യ ജീവനുകൾ നഷ്ടമാകുന്പോഴും സർക്കാർ പരിഹാരമാർഗങ്ങൾ കാണുന്നില്ലെന്നാരോപിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ജില്ലാഹർത്താൽ സുൽത്താൻ ബത്തേരി മേഖലയിൽ പൂർണം.
കടകന്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. റഹീം മെമ്മോറിയൽ വണ്‍വേ റോഡിലും ചുങ്കത്തുമായി തുറന്ന മൂന്ന് കടകൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. സുൽത്താൻ ബത്തേരി ചുങ്കം, അസംപ്ഷൻ ജംഗ്ഷൻ, ചെതലയം ആറാം മൈൽ, നൂൽപ്പുഴ നായ്ക്കട്ടി, കല്ലൂർ, ചുള്ളിയോട്, അന്പലവയൽ എന്നിവിടങ്ങളിൽ നിരത്തിലിറങ്ങിയ വാഹനങ്ങൾ തടഞ്ഞു. ചരക്ക് ലോറികളും മറ്റ് വാഹനങ്ങളും പതിനഞ്ച് മിനിറ്റോളം തടഞ്ഞിട്ടു.
അവശ്യ സർവീസുകളും ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളെയും ഹർത്താലിൽ നിന്നൊഴിവാക്കി. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ മാത്രമാണ് നടത്തിയത്. പ്രാദേശിക സർവീസുകൾ രാവിലെ നടത്തിയെങ്കിലും ഹർത്താൽ അനുകൂലികൾ തടഞ്ഞതോടെ സർവീസുകൾ പിൻവലിച്ചു. സ്വകാര്യബസുകൾ സർവീസ് നടത്തയില്ല. എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.