യുഡിഎഫ് ഹർത്താൽ പൂർണം
1514055
Friday, February 14, 2025 4:09 AM IST
ലക്കിടി, കൽപ്പറ്റ, ബത്തേരി എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു
കൽപ്പറ്റ: വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത് തടയുന്നതിന് ഫലപ്രദമായ പദ്ധതികൾ നടപ്പാക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുടരുന്ന ഉദാസീനതയിൽ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ഹർത്താലുമായി ബന്ധപ്പെട്ട് ജില്ലയിൽ എവിടെയും അനിഷ്ടസംഭവങ്ങളില്ല. കൽപ്പറ്റ, ലക്കിടി, ബത്തേരി എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ രാവിലെ വാഹനങ്ങൾ തടഞ്ഞു. ലക്കിടിയിൽ യുഡിഎഫ് പ്രവർത്തകരും പോലീസുമായി നേരിയ സംഘർഷം ഉണ്ടായി. വഴി തടഞ്ഞവരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.
ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നുവെങ്കിലും പകൽ ബത്തേരി, കൽപ്പറ്റ, മാനന്തവാടി ഉൾപ്പെടെ ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല.
ഗ്രാമീണ മേഖലകളിലടക്കം സ്വകാര്യ ബസുകൾ ഓടിയില്ല. ഹർത്താൽദിനത്തിൽ സർവീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ അറിയിച്ചിരുന്നു. കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകൾ ഓടി. വിവിധ ഡിപ്പോകളിൽനിന്നു ഏതാനും ലോക്കൽ സർവീസ് നടത്തി.
ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ ശൂന്യമായിരുന്നു. സ്വകാര്യ വാഹനങ്ങൾ ഓടി. വിദ്യാലയങ്ങളിലും കോളജുകളിലും ക്ലാസ് ഉണ്ടായിരുന്നില്ല. സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. സർക്കാർ സ്ഥാപനങ്ങളിൽ ഹാജർ കുറവായിരുന്നു. അവശ്യ സേവനങ്ങൾ, പാൽ-പത്ര വിതരണം എന്നിവയെയും വിവാഹം, ആശുപത്രി, പള്ളിക്കുന്ന് തിരുനാൾ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഹർത്താൽ വിജയിപ്പിച്ച ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് യുഡിഎഫ് പ്രവർത്തകർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.