മണ്ണൊലിച്ച് വാരിക്കുഴി; യാത്രക്കാരെ വലച്ച് പുലാപ്രപ്പടി റോഡ്
1545623
Saturday, April 26, 2025 5:55 AM IST
രാമനാട്ടുകര: പാറമ്മൽ റോഡിൽ നിന്നു ദേശീയപാത സർവീസ് റോഡിലേക്കുള്ള പുലാപ്രപ്പടി റോഡിന്റെ പ്രവേശന മാർഗം ടാറിംഗ് നടത്താത്തത് യാത്രക്കാരെ വലയ്ക്കുന്നു. മഴയിൽ മണ്ണൊലിച്ചു വാരിക്കുഴി രൂപപ്പെട്ടതോടെ വാഹനങ്ങളുമായി സർവീസ് റോഡിലേക്ക് കയറാൻ പറ്റാത്ത സ്ഥിതി. പ്രദേശവാസികൾ ഏറെദൂരം ചുറ്റി പാറമ്മൽ അങ്ങാടിയിലോ മൈത്രി നഗർ റോഡിലോ പോയി വേണം സർവീസ് റോഡിലേക്ക് കയറാൻ. ആറുവരിപ്പാത നിർമാണം തുടങ്ങിയ ഘട്ടത്തിൽ തന്നെ പുലാപ്രപ്പടി റോഡിൽ നിന്നു ദേശീയപാത സർവീസ് റോഡിലേക്കുള്ള വഴി അടച്ചിരുന്നു.
ആറുവരിപ്പാതയുടെ പ്രവൃത്തി പൂർത്തിയായിട്ടു മാസങ്ങളായെങ്കിലും സർവീസ് റോഡിലേക്ക് കയറാനുള്ള പ്രവേശന ഭാഗം ഇതുവരെ ഗതാഗത യോഗ്യമാക്കിയിട്ടില്ല. ഒരു വർഷം മുൻപ് നാട്ടുകാർ പരാതി ഉന്നയിച്ചപ്പോൾ കുറച്ചു മണ്ണിട്ട് നികത്തി താൽക്കാലിക വഴി ഒരുക്കിയിരുന്നു. മഴ പെയ്തപ്പോൾ മണ്ണൊലിച്ചു ഇതുവഴി സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയായി. ഫാറൂഖ് കോളജ് റോഡ്, ചിറക്കാംകുന്ന്, പാറമ്മൽ, നെല്ലിക്കോട്ട് കാവ് എന്നിവിടങ്ങളിൽ നിന്നു സേവാമന്ദിരം സ്കൂൾ, പരിഹാരപുരം ക്ഷേത്രം, ബൈപാസ് ജംക്ഷൻ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താവുന്ന റോഡാണിത്.