ലഹരിക്കെതിരേ സമൂഹ നടത്തം
1545594
Saturday, April 26, 2025 5:17 AM IST
കോഴിക്കോട്: കേരളത്തെ ഗ്രസിച്ച മാരകമായ ലഹരി വിപത്തിനെതിരെ പൊതുജനങ്ങളെ മുൻനിർത്തി പ്രതിരോധം തീർക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മയക്കുമരുന്ന് ഏതിരെയുള്ള പ്രചാരണത്തിനായി രൂപീകരിച്ച പ്രൗഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമൂഹ നടത്തം പരിപാടിഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
കേരളത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ വിപത്താണ് മയക്കുമരുന്ന്. കേരളത്തിന്റെ യുവത്വം അസാധാരണമാം വിധത്തിൽ അതിന്റെ പിടിയിലമർന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ലഹരിക്കെതിരെ ബഹുജന മുന്നേറ്റവും ബോധവത്കരണവും അത്യന്താപേക്ഷിതമാണ്. ഈ പരിപാടിക്ക് രാഷ്ട്രീയമില്ല. രാഷ്ട്രീയത്തിന് അതീതമായി നാനാതുറകളിൽപെട്ട ജനതയെ ഒന്നിച്ച് അണിനിരത്തി കൊണ്ടുള്ള ഒരു മുന്നേറ്റമാണ് ഇത്.
യാത്രകളെതന്നെ സമരമുറകളാക്കിക്കൊണ്ട് നടത്തുന്ന ഈ മഹത്തായ യജ്ഞത്തിൽ ഇനിയുള്ള ദിനങ്ങളിൽ കൂടുതൽ ആൾക്കാർ പങ്കുചേരുമെന്നും ചെന്നിത്തല വ്യക്തമാക്കി. കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് സമൂഹ നടത്തത്തിന് തുടക്കമായത്.