ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്കായി ആദരാഞ്ജലിയർപ്പിച്ച് അധ്യാപകർ
1545008
Thursday, April 24, 2025 5:03 AM IST
മുക്കം: ജമ്മു കാശ്മീറിലെ പഹൽഗാമിൽ ഭീകരരുടെ ആക്രമണത്തിൽ മരണപ്പെട്ടവർക്കായി ആദരാഞ്ജലികൾ അർപ്പിച്ച് അധ്യാപകക്കൂട്ടം. മുക്കം നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷ പേപ്പർ മൂല്യ നിർണ്ണയ ക്യാമ്പിലെ അധ്യാപകരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ആദരാഞ്ജലികളർപ്പിച്ചത്.
നിരപരാധികളായ ടൂറിസ്റ്റുകളെയും തദ്ദേശവാസികളെയും ആക്രമിച്ച് കൊലപ്പെടുത്തിയത് ഒരു കാരണവശാലും മാപ്പർഹിക്കുന്നതല്ലെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അധ്യാപകർ പ്രതിജ്ഞ ചെയ്തു. ചടങ്ങിൽ മുക്കം നഗരസഭാ കൗൺസിലറും ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനുമായ എ. അബ്ദുൽ ഗഫൂർ ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു.
കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ രഞ്ജിത്ത് ചാക്കോ, മുക്കം എംകെഎച്ച്എംഎംഒവി എച്ച്എസ്എസിലെ ഹർഷൽ പറമ്പിൽ, മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഡോ. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.