സമ്പൂര്‍ണ കാഷ്ലെസ് രജിസ്ട്രേഷന്: നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
1545591
Saturday, April 26, 2025 5:17 AM IST
കോഴിക്കോട്: എല്ലാ പണമിടപാടുകളും ഇ -പേയ്മെന്റ് സംവിധാനത്തിലേക്ക് മാറ്റി സമ്പൂര്‍ണ കാഷ്ലെസ് രജിസ്ട്രേഷന് യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നിര്‍ദേശം.
രജിസ്ട്രേഷന് വകുപ്പ് വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകന യോഗം വെസ്റ്റ്ഹില്‍ ഗവ. ഗെസ്റ്റ്ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രജിസ്ട്രേഷന് വകുപ്പ് ഇന്‍സ്പെക്ടര്‍ ജനറല്‍ ശ്രീധന്യ സുരേഷ് അധ്യക്ഷത വഹിച്ചു.
പഴക്കമുള്ള കെട്ടിടങ്ങള്‍ ആധുനിക സൗകര്യങ്ങളോടെ പുനര്‍നിര്‍മിക്കുക, മുഴുവന്‍ രജിസ്ട്രാര്‍ ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിക്കുക, ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര പകര്‍പ്പുകള്‍, ബാധ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഓണ്‍ലൈനില്‍ ലഭ്യമാക്കല്‍,
ജില്ലക്കകത്തെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം, മുദ്രപത്രങ്ങള്‍ക്ക് ഇ സ്റ്റാമ്പിംഗ്, ഓണ്‍ലൈന്‍ വിവാഹ രജിസ്ട്രേഷന്, പണമിടപാടുകള്‍ക്ക് ഇ -പോസ്, ഇ -പേയ്മെന്റ് സൗകര്യം, ഡിജിറ്റല്‍ എന്‍ഡോഴ്സ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ പരിഷ്കരിക്കും.
പൊതുജന സേവനങ്ങള്‍ കുടുതല്‍ സുതാര്യവും സുഗമവുമാക്കുകയാണ് പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്.സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ജനകീയ സമിതികള്‍ രൂപീകരിച്ചതായും എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചകളില്‍ സമിതികള്‍ ചേരുന്നതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യണമെന്ന നിര്‍ദേശം പൂര്‍ണമായും പ്രാബല്യത്തില്‍ വരുന്നുണ്ടെന്ന് മേലുദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശം നല്കി.