അന്നമ്മയുടെ ജീവന് ഭീഷണിയായ മരങ്ങൾ ജലസേചന വകുപ്പ് മുറിച്ചു
1545011
Thursday, April 24, 2025 5:03 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് ഏഴിൽ പെട്ട എർത്ത് ഡാമിനു സമീപത്തെ താമസക്കാരി വയോധികയും വിധവയുമായ തോണക്കര അന്നമ്മയുടെ സങ്കടത്തിന് അറുതി. ഇവർ താമസിക്കുന്ന പെരുവണ്ണാമൂഴി - മുതുകാട് പാതയുടെ താഴ്ഭാഗത്തുള്ള ഷീറ്റ് മേഞ്ഞ ഷെഡിനു ഭീഷണിയായ വൻ മരങ്ങൾ മുറിച്ചു നീക്കാത്തതായിരുന്നു ഇവരുടെ ദുഃഖം.
പ്രശ്നം ദീപികയിൽ ചിത്രം സഹിതം വാർത്തയായിരുന്നു. ഇതേ തുടർന്ന് റോഡിന്റെ മുകൾ ഭാഗത്ത് കുറ്റ്യാടി ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിൽക്കുന്ന മരങ്ങൾ ഇന്നലെ ജലസേചന വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ മുറിച്ചു. അന്നമ്മയുടെ ഉറക്കം കെടുത്തിയിരുന്ന മരങ്ങളായിരുന്നുയിത്.
മിക്ക മരങ്ങളുടെയും വേരുകൾ മണ്ണിളകി പുറത്തായ നിലയിലായതിനാൽ കാറ്റിലും മഴയിലും കടപുഴകി വീഴാവുന്ന നിലയിലായിരുന്നു. മരം വീണാൽ വൈദ്യുതി ലൈനും തകർത്ത് അന്നമ്മ അന്തിയുറങ്ങുന്ന ഷെഡിനു മീതേക്ക് പതിക്കുന്ന അവസ്ഥയിലായിരുന്നു. ഇത് ഒഴിവായതിന്റെ ആശ്വാസത്തിലാണ് അന്നമ്മ.