മലയോര ഹൈവേ നിർമാണം: ചക്കിട്ടപാറ ടൗണിൽ റോഡ് വീതി നിർണയത്തിൽ കൃത്രിമത്വമെന്ന്
1545282
Friday, April 25, 2025 5:27 AM IST
ചക്കിട്ടപാറ: മലയോര ഹൈവേയുടെ ഭാഗമായ ചക്കിട്ടപാറ ടൗണിലെ റോഡ് വീതി അളവിൽ കൃത്രിമത്വം നടക്കുന്നതായി വ്യാപക പരാതി. ആക്ഷേപം പരിശോധിച്ച് ശരിയായ രീതിയിൽ റോഡ് നിർമാണം നടത്താൻ ബന്ധപ്പെട്ടവർ തയാറാകാത്തതിൽ നാട്ടുകാർക്ക് സംശയമുണ്ട്.
പണി നിരീക്ഷിക്കാൻ പഞ്ചായത്ത് തലത്തിൽ മോണിറ്ററിംഗ് കമ്മിറ്റി നേരത്തെ രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രവർത്തനവും അവതാളത്തിലാണ്.
പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര റോഡിന്റെ വികസനത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ സ്ഥലം അക്വയർ ചെയ്തിട്ടുണ്ട്. ഇത് താലൂക്ക് സർവേയർ വീണ്ടും പരിശോധിച്ച് വീതി അളവ് നിർണ്ണയിച്ചാൽ പ്രശ്നം പരിഹരിക്കും.
പക്ഷേ ചിലർ ഇതിനു സമ്മതിക്കുന്നില്ല. ഇതാണ് പ്രശ്നത്തിലെ ദുരൂഹതയും. തർക്കങ്ങൾ കാരണം ടൗണിലെ ഹൈവേ നിർമാണം തടസപ്പെട്ടിരിക്കുകയാണ്. പ്രശ്നത്തിൽ സത്വര നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ രംഗത്തു വന്നിട്ടുണ്ട്.