വാഹന കാലാവധി തീർന്നു മരുന്ന് വിതരണം അവതാളത്തിൽ : ഇഎസ്ഐ ഡിസ്പെൻസറികളിൽ മരുന്ന് എത്തുന്നില്ല
1545595
Saturday, April 26, 2025 5:17 AM IST
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ 12 ഇഎസ്ഐ ഡിസ്പെൻസറികൾ ഉൾപ്പെടെ ആറു ജില്ലകളിലെ മരുന്ന് വിതരണത്തിനായി ഉത്തരമേഖല ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് നോർത്ത് സോൺ ഉപയോഗിച്ചിരുന്ന ഡീസൽ വാഹനത്തിന്റെ രജിസ്ട്രേഷൻ കാലാവധി അവസാനിച്ചതിനെത്തുടർന്ന് അടിയന്തര ആവശ്യ മരുന്നുകൾ ഉൾപ്പെടെയുള്ള മരുന്ന് വിതരണം അവതാളത്തിലായി.
കഴിഞ്ഞ ഒന്നര മാസമായി സ്ഥിരമായി ഉപയോഗിച്ചിരുന്ന വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിനായി സമയ ബന്ധിതമായി അറിയിപ്പുകൾ കേരള സംസ്ഥാന ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് ഡയറക്ടർക്ക് നൽകിയെങ്കിലും അടിയന്തര പ്രാധാന്യത്തോടെ കാലാവധി കഴിയാൻ പോകുന്ന വാഹനത്തിനു പകരം പുതിയത് വാങ്ങാനോ പകരം മരുന്ന് വിതരണത്തിന് സംവിധാനങ്ങൾ ഏർപ്പെടുത്താതിനെ തുടർന്ന് നോർത്ത് സോണിന്റെ കീഴിലുള്ള ഡിസ്പൻസറികളിലേക്ക് മരുന്ന് വിതരണം നിലച്ചത് മൂലം ദിവസം നൂറുകണക്കിന് രോഗികളാണ് ദുരിതം പേറുന്നത്.
ഇഎസ്ഐ ഡിസ്പൻസറികളിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾ സ്വകാര്യ മെഡിക്കൽ ഷോപ്പുകൾ വഴി മരുന്നുകൾ സ്വയം പണം നൽകി വാങ്ങിയാലും റീം എംബേഴ്സ് വഴി ചെലവായ മുഴുവൻ തുകയും ലഭിക്കാറില്ല. നിലവിൽ ജില്ലയിലെയും മറ്റും ഡിസ്പൻസറികളിലെ ഫാർമസിസ്റ്റ് അടക്കമുള്ള ജീവനക്കാർ ഒത്തു ചേർന്ന് പണം സ്വരൂപിച്ച് സ്വകാര്യ വാഹനങ്ങളിൽ എത്തിക്കുന്ന മരുന്നാണ് ഇപ്പോൾ രോഗികൾക്ക് വിതരണം ചെയ്തു വരുന്നത്.
തൊഴിൽ വകുപ്പിന്റെ കീഴിൽ ജില്ലയിലെ മാങ്കാവിലുള്ള ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് ഉത്തര മേഖല ഓഫീസിൽ നിന്നും സ്വകാര്യ വാഹനങ്ങൾ സംഘടിപ്പിച്ച് സ്വയം കൊണ്ടുപോകാനുള്ള ഡിസ്പെൻസറികളിലെ ജീവനക്കാരുടെ അഭാവം ഇത്തരം പ്രവർത്തനകൾക്ക് വലിയ തടസമാകുകയാണ്.
വാഹനയിനത്തിൽ ചെലവാകുന്ന പണം നൽകാമെന്ന വാക്കാലുള്ള ഡയറക്ടറേറ്റിന്റെ ഉറപ്പ് ഉണ്ടെങ്കിലും പലർക്കും ഈ പണം ഇതുവരെ ലഭിച്ചിട്ടില്ലാ എന്നത് ഇത്തരം ഒറ്റപ്പെട്ട പ്രവർത്തനങ്ങളും നിലയ്ക്കാൻ ഇടയുണ്ട്. ഇതു മൂലം രോഗികൾ തീർത്തും ദുരിതലാകും. ഡിസ്പെൻസറികളിൽ മരുന്നില്ലാത്തതിന്റെ പേരിൽ രോഗികളുടെയും മറ്റും ശകാരങ്ങൾ ജീവനക്കാർ നേരിടുന്നതും പതിവാണ്.
തൊഴിൽ വകുപ്പും സംസ്ഥാന ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് ഡയറക്ടറും അടിയന്തര പ്രാധാന്യത്തോടെ മരുന്ന് വിതരണത്തിന് പുതിയ സ്വന്തം വാഹനങ്ങളോ വാടകയ്ക്കോ ഏർപ്പെടുത്തി മരുന്ന് വിതരണം ഉടനടി പുനഃസ്ഥാപിക്കണമെന്ന് പൗരാവകാശ സംരക്ഷണ സമിതി ചെയർമാർ സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു.
ഇക്കാര്യം ഉന്നയിച്ച് വകുപ്പ് മന്ത്രിക്ക് അദ്ദേഹം പരാതി നൽകി. ജില്ലയിലെ വിവിധ ഇഎസ്ഐ ഡിസ്പെൻസറികൾ, മാങ്കാവിലുള്ള ഉത്തരമേഖല ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് നോർത്ത് സോൺ ഓഫീസ് എന്നിവടങ്ങളിൽ സതീഷ് പാറന്നൂരിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി.