തുമ്പക്കോട്ട് മലയിൽ ക്വാറിക്ക് അനുമതി നൽകരുതെന്ന്
1545620
Saturday, April 26, 2025 5:55 AM IST
തിരുവമ്പാടി: തുമ്പക്കോട്ട് മലയിൽ ക്വാറി തുടങ്ങാൻ അനുമതി നൽകരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 7 വർഷം മുമ്പ് കരിങ്കൽ ക്വാറി തുടങ്ങാനുള്ള ശ്രമത്തിൽ നിന്നും പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉടമ പിന്മാറുകയായിരുന്നു. ഇപ്പോൾ പുതിയ അപേക്ഷ വച്ച് തിരുവമ്പാടി പഞ്ചായത്തിൽ നിന്നും പാറ പൊട്ടിക്കാനുള്ള ലൈസൻസ് (ഡി / ഒ ലൈസൻസ്) നേടാനുള്ള തീവ്രശ്രമത്തിലാണ്.
ഖനനത്തിന് ഉദ്ദേശിക്കുന്ന പാറയുടെ മുകളിലാണ് ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 100 മീറ്ററിനുള്ളിൽ ഗവ. ഐടിഐ കെട്ടിടം ഉണ്ട്. ചുറ്റുപാടും ഇടതിങ്ങി ധാരാളം വീടുകൾ നിലവിലുണ്ട്.
തികച്ചും ജനവാസ കേന്ദ്രമായ തിരുവമ്പാടി പഞ്ചായത്ത് 15-ാം വാർഡ് പാലക്കടവിൽ കരിങ്കൽ ക്വാറി അനുവദിക്കരുതെന്ന് തുമ്പക്കോട്ട് മല സംരക്ഷണ സമിതി യോഗം പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർമാൻ ദിവാകരൻ കോക്കോട് അധ്യക്ഷത വഹിച്ചു. രാജു കൊട്ടാരത്തിൽ, നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, ഷൈൻ അമ്പലത്തിങ്കൽ, ബേബി കാരിക്കാട്ടിൽ, സ്കറിയ ആലുങ്കൽ, ദിവാകരൻ കോക്കോട് എന്നിവർ പ്രസംഗിച്ചു.