അമിത വേഗതയ്ക്ക് പോലീസ് പിടികൂടിയ സ്വകാര്യ ബസിന് ഒമ്പത് മാസമായി പെർമിറ്റുമില്ല
1545603
Saturday, April 26, 2025 5:22 AM IST
നാദാപുരം: അമിത വേഗതയിൽ മൽസരിച്ചോടി സംഭവത്തിൽ പോലീസ് പിടികൂടിയ സ്വകാര്യ ബസിന് ഒമ്പത് മാസമായി പെർമിറ്റുമില്ല സർവീസ് നടത്തിയത് യാത്രക്കാരുടെ ജീവൻ പണയ പ്പെടുത്തിയെന്ന് വ്യക്തമായി.
കഴിഞ്ഞ ഏപ്രിൽ 22നാണ് നാദാപുരം പോലീസ് സ്റ്റേഷന് മുമ്പിൽവച്ച് അമിത വേഗതയിൽ മറ്റൊരു സ്വകാര്യ ബസുമായി മത്സരിച്ച് ഓടിയ ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തലശ്ശേരി നിന്ന് തൊട്ടിൽപാലം ഭാഗത്തേക്ക് പോകുന്ന കെഎൽ. 18 വി 4745 നമ്പർ കൂടൽ ബസാണ് നാദാപുരം പോലീസ് സ്റ്റേഷന് മുമ്പിൽ കസ്റ്റഡിയിൽ എടുത്തത്. ബസ് ഡ്രൈവർക്കെതിരേ 35(3) ബിഎൻഎസ്എസ്. വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.
കസ്റ്റഡിയിലെടുത്ത ബസ് തിരികെ കിട്ടാനായി രേഖകൾ ഹാജരാക്കിയപ്പോഴാണ് ഒമ്പത് മാസത്തോളമായി പെർമിറ്റ് ഇല്ലെന്ന കാര്യം പോലീസ് അറിയുന്നത്. പെർമിറ്റ് കാലാവധി കഴിഞ്ഞിട്ടും ദീർഘകാലം ബസിന് സർവീസ് നടത്താനിടയായത് മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
പെർമിറ്റെല്ലെന്ന് അറിഞ്ഞിട്ടും യാത്രക്കാരെ കുത്തി നിറച്ച് അപകടകരമാം വിധം വാഹനമോടിച്ച ബസ് ജീവനക്കാരും ഉടമയും സംഭവത്തിൽ കുറ്റക്കാരാണ്. പെർമിറ്റ് കാലാവധി കഴിഞ്ഞ ബസിലെ യാത്രക്കാർക്ക് അപകടത്തിൽ പെട്ടാൽ ഇൻഷൂറൻസ് പരിരക്ഷ പോലും ലഭിക്കില്ലെന്ന കാര്യം അറിഞ്ഞ് തന്നെയാണ് ബസ് സർവീസ് നടത്തിയത് .
ബസിന്റെ രേഖകൾ പരിശോധിക്കേണ്ട മോട്ടോർ വാഹന വകുപ്പ് ഈ കാര്യങ്ങളിൽ മൗനം പാലിക്കുകയാണ്. കഴിഞ്ഞ ദിവസം വടകര - തൊട്ടിൽ പാലം റൂട്ടിൽ പെർമിറ്റ് കഴിഞ്ഞ് സർവീസ് നടത്തിയ മറ്റൊരു സ്വകാര്യ ബസ് നാദാപുരം പോലീസ് പിടികൂടി ദിവസങ്ങളോളം കസ്റ്റഡിയിൽവയ്ക്കുകയും രേഖകൾ ഹാജരാക്കിയ ശേഷം മാത്രമാണ് വിട്ട് നൽകിയത്.
വടകര - കുറ്റ്യാടി , തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തുന്ന ചില ബസുകൾക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞും സർവീസ് നടത്തുന്നതായി ബസ് തൊഴിലാളികൾ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.