സ്വകാര്യഭൂമി കാടു മൂടി: പ്രദേശവാസികൾ ദുരിതത്തിലെന്ന് പരാതി
1545622
Saturday, April 26, 2025 5:55 AM IST
കൂരാച്ചുണ്ട്: സ്വകാര്യ ഭൂമിയിൽ കാടുമുടിയതിനെത്തുടർന്ന് പ്രദേശവാസികൾക്ക് ദുരിതമാകുന്നതായി പരാതി. കൂരാച്ചുണ്ട് പഞ്ചായത്ത് എട്ടാം വാർഡിൽ ഉൾപ്പെട്ട ചാലിടം- മണ്ണുപൊയിൽ റോഡിന് സമീപം അൾത്താമസമില്ലാത്ത സ്വകാര്യഭൂമിയിലാണ് കാലങ്ങളായി കാടുമൂടി കിടക്കുന്നത്. ഇതുമൂലം വന്യമൃഗങ്ങളും ഇഴജന്തുക്കളും നാട്ടുകാർക്ക് ഭീഷണിയായി തീരുന്നുവെന്നും പരാതിയുണ്ട്.
മഴക്കാലമായതോടെ കൊതുകു ശല്യവും പെരുകുന്നതിന് കാരണമാകുന്നുവെന്നും ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയെന്നും പറയുന്നു. ഇതു സംബന്ധിച്ച് പ്രദേശവാസികൾ പഞ്ചായത്തിന് പരാതി നൽകി.
എന്നാൽ നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് നടപ്പാക്കിവരുന്നുണ്ട്. അടിയന്തരമായി ഇതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.