കൂത്താളി ഫാമിൽ ഔഷധസസ്യ കൃഷി ആരംഭിച്ചു
1545009
Thursday, April 24, 2025 5:03 AM IST
പെരുവണ്ണാമുഴി: കൂത്താളി ജില്ലാ കൃഷി ഫാമിൽ വാണിജ്യ അടിസ്ഥാനത്തിലുള്ള ഔഷധ സസ്യ കൃഷിക്ക് തുടക്കമായി.
കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുമായി ധാരണാ പത്രം ഒപ്പ് വെച്ച ശേഷമാണ് കൃഷി ആരംഭിക്കുന്നത്. ചിറ്റരത്ത, ചെത്തിക്കൊടുവേലി, ആടലോടകം, ഓരില, കുറുന്തോട്ടി, തിപ്പലി എന്നിവയാണ് ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഔഷധ സസ്യ കൃഷി ഉദ്ഘാടനവും ഫാം ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കുമായി സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് നിർവഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ജമീല അധ്യക്ഷത വഹിച്ചു. കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി അഗ്രിക്കൾച്ചർ ഓഫീസർമാരായ കെ. ശശികുമാർ, എം. മുഹമ്മദ് അനീസ് എന്നിവർ ക്ലാസുകളെടുത്തു. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ രൂപ നാരായണൻ, ഫാം സൂപ്രണ്ട് കെ.വി. നൗഷാദ്, കൃഷി ഓഫീസർ ഡോ. പി. മുബീന എന്നിവർ പ്രസംഗിച്ചു.