പരിമിതികൾ തടസമായില്ല; ഭിന്നശേഷി വിദ്യാർഥികളുടെ നെൽകൃഷിയിൽ നൂറ് മേനി വിളവ്
1545004
Thursday, April 24, 2025 5:03 AM IST
മുക്കം: മാസങ്ങൾക്ക് മുമ്പ് ചെറുവാടി പുഞ്ചപ്പാടത്തെ 3 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് നെൽകൃഷിയിറക്കുമ്പോൾ ലൗ ഷോർ അധികൃതർ പോലും കരുതിയിരുന്നില്ല ഇത്ര മികച്ച വിളവ് ലഭിക്കുമെന്ന്.
എന്നാൽ മൂന്നര മാസത്തിനിപ്പുറം വിളവെടുക്കാനെത്തിയപ്പോൾ പുഞ്ചപ്പാടം സ്വർണവർണമണിഞ്ഞ് നിൽക്കുന്ന സന്തോഷത്തിലാണിവർ. ഭിന്നശേഷി വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന പന്നിക്കോട് ലൗ ഷോർ സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ ചെയ്ത നെൽകൃഷിയിലാണ് നൂറ് മേനി വിളവ് ലഭിച്ചത്.
പഠനപ്രവർത്തനങ്ങൾക്ക് പുറമെ മറ്റ് നിരവധി പ്രവർത്തനങ്ങളും നടത്തി വരുന്ന ലൗ ഷോർ സ്പെഷ്യൽ സ്കൂളിൽ കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിയിറക്കിയിരുന്നത്.
കൊയ്തെടുത്ത നെല്ല് വിവിധ ഉത്പന്നങ്ങളാക്കി മാറ്റി കടകളിലെത്തിച്ച് വിൽപന നടത്തുമെന്നും ഇതിൽ നിന്ന് കിട്ടുന്ന വരുമാനം വിദ്യാർഥികളുടെ പഠന ആവശ്യങ്ങൾക്കായി ചെലവഴിക്കുമെന്നും ലൗഷോർ മാനേജർ യു.എ മുനീർ പറഞ്ഞു. നെൽകൃഷിയുടെ വിളവെടുപ്പ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു.
ലൗ ഷോറിന്റെ ഈ പ്രവർത്തനം മാതൃക പരമാണന്ന് പ്രസിഡന്റ് പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു, കൃഷി അസിസ്റ്റന്റ് എ.പി. ബീന, പിടിഎ പ്രസിഡന്റ് ബംഗാളത്ത് അബ്ദുറഹ്മാൻ, മാനേജർ യു.എ. മുനീർ, ഹസൻകുട്ടി, യു. ആമിന, എം. ഷമീന, അസീസ് കാരക്കുറ്റി, സി.പി നിയാസ് തുടങ്ങിയവർ സംബന്ധിച്ചു.