കെ. കരുണാകരൻ ഓമശേരി പഞ്ചായത്ത് പ്രസിഡന്റ്
1545003
Thursday, April 24, 2025 5:03 AM IST
താമരശേരി:ഓമശേരി പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ കെ. കരുണാകരനെ തെരഞ്ഞെടുത്തു. പാർട്ടി ധാരണ പ്രകാരം പ്രസിഡന്റായിരുന്ന പി.കെ. ഗംഗാധരൻ രാജിവച്ച ഒഴിവിലേക്കാണ് കെ. കരുണാകരൻ തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തംഗങ്ങൾ പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുസ്ലിം ലീഗിലെ യൂനുസ് അമ്പലക്കണ്ടിയാണ് കെ. കരുണാകരന്റെ പേര് നിർദേശിച്ചത്.
അഞ്ചാം വാർഡ് മെമ്പർ കോൺഗ്രസിലെ പി.കെ.ഗംഗാധരൻ പിന്താങ്ങി. 19 ൽ 13 അംഗങ്ങളുടെ പിന്തുണയോടെയാണ് തെരഞ്ഞെടുത്തത്. വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന അനുമോദന യോഗം വിടവാങ്ങിയ ഫ്രാൻസിസ് മാർപാപ്പയ്ക്കും ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായവർക്കും ആദരാഞ്ജലിയർപ്പിച്ചു. വൈസ് പ്രസിഡന്റ് ഫാത്വിമ അബു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്, താമരശേരി പഞ്ചായത്ത് പ്രസിഡന്റ് എ.അരവിന്ദൻ, പി.പി. കുഞ്ഞായിൻ, എം.എം. വിജയകുമാർ, കെ.കെ. അബ്ദുല്ലക്കുട്ടി, ഒ.എം. ശ്രീനിവാസൻ നായർ, കെ. ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
രണ്ടാം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ. കരുണാകരൻ ഒന്നര വർഷത്തിലധികം പഞ്ചായത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.