അടിയന്തര ശസ്ത്രക്രിയയ്ക്കുപോലും സമ്മതപത്രം ‘എഴുതി' നല്‍കണം
1545593
Saturday, April 26, 2025 5:17 AM IST
അത്യാഹിത വിഭാഗത്തില്‍ എത്തുന്നവരെ വീണ്ടും ദുരിതത്തിലാക്കി അധികൃതര്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് സമ്മതപത്രം എഴുതി നല്‍കണമെന്ന നിര്‍ദേശം രോഗികള്‍ക്ക് ദുരിതമാകുന്നു. അപകടത്തില്‍പ്പെട്ട് എത്തുന്നവര്ക്കൊപ്പമുള്ളവരാണ് സമ്മതപത്രം എഴുതിനല്കേണ്ടത്.
ഡിടിപി ചെയ്തുവച്ച സമ്മതപത്രം ഫോണില്‍ അയച്ചുതരും. ഇതു നോക്കി എഴുതാനാണ് ആവശ്യപ്പെടുന്നത്. ഇത് ഏറെ സമയ നഷ്ടം ഉണ്ടാക്കുന്നതായാണ് പരാതി. എഴുതിവച്ച സമ്മതപത്ര കോപ്പി നല്കുകയാണെങ്കില് അതിനടിയില്‍ ബന്ധപ്പെട്ടവര്‍ ഒപ്പിടുകയേ വേണ്ടു. ഇതിനു പകരമാണ് കൈപ്പട നിർദേശം.
പലപ്പോഴും അപകടത്തില്‍പ്പെട്ട് എത്തുന്നവര്‍ക്ക് എക്സറേ, സ്കാനിംഗ്, ഇസിജി തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടി ഓടേണ്ട അവസ്ഥയുണ്ട്. ജീവനക്കാരുടെ കുറവുള്ളതിനാല്‍ ഒപ്പം നഴ്സുമാരുടെയോ അറ്റന്ഡര്മാരുടെയോ സൗകര്യം സ്ട്രക്ചര്‍ ഉന്താന്‍ പോലും അത്യാഹിത വിഭാഗത്തില്ലഭിക്കാറില്ല.രോഗിയുടെ കൂട്ടിരിപ്പുകാരാണ് ഇതെല്ലാം ചെയ്യുന്നത്. ഇതിനിടയിലാണ് സമ്മതപത്രം സ്വന്തം കൈപ്പടയില്‍ തന്നെ എഴുതി നല്‍കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.
അടിയന്തര ചികിത്സ വേണ്ടവര്ക്കെങ്കിലും നേരത്തെ എഴുതി തയ്യാറാക്കിയ സമ്മതപത്രം പ്രിന്റ് എടുത്ത് അധികൃതര്‍ നല്‍കണമെന്ന ആവശ്യമാണ് ഉയരുന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്കുപോലും ലാബുകളില്‍ നിന്നും ഫലം കിട്ടാന്‍ നാലും അഞ്ചും മണിക്കൂറുകളാണ് കാത്തിരിക്കേണ്ടിവരുന്നത്.
മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ നിന്നും അകാശപാത വഴി പത്ത് മിനുട്ടോളം സഞ്ചരിച്ചിട്ടുവേണം രക്തപരിശോധന ലാബുകളായ 110, 111 എന്നിവിടങ്ങളില്‍ എത്താന്‍.ഫലത്തില്‍ അപകടത്തില്‍പ്പെട്ട് കോളജില്‍ എത്തുന്നവര്‍ക്കൊപ്പം മൂന്നും നാലും പേരെങ്കിലും ഉണ്ടെങ്കിലേ കാര്യങ്ങള്‍ നടക്കുവെന്നര്ഥം.