വിലങ്ങാട് പാലൂരിൽ കാട്ടാന ഭീതി: വനം വകുപ്പ് പരിശോധന നടത്തി
1545621
Saturday, April 26, 2025 5:55 AM IST
നാദാപുരം: വിലങ്ങാട് പാലൂരിൽ ജനവാസ കേന്ദ്രങ്ങളോട് ചേർന്ന് വന മേഖലയിൽ കാട്ടാനക്കൂട്ടം നാട്ടുകാർ ഭീതിയിൽ. കണ്ണൂർ ജില്ലയിലെ കണ്ണവം വന മേഖലയിലാണ് പാലൂരിലെ കൃഷിയിടങ്ങളോട് ചേർന്ന് കാട്ടാനകൾ തമ്പടിച്ചതായി പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടത്. വനത്തിനുള്ളിൽ നിന്ന് ആനകളുടെ അലർച്ചയും മരങ്ങളുടെ കമ്പുകൾ ഒടിക്കുന്ന ശബ്ദവും കേൾക്കുന്നതായി നാട്ടുകാർ പറഞ്ഞു. കൃഷിയിടത്തിൽ ടാപ്പിംഗിനും മറ്റുമായി എത്തിയ തൊഴിലാളികളാണ് ആനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
സംഭവമറിഞ്ഞ് വിലങ്ങാട് സെക്ഷൻ വനം വകുപ്പ് അധികൃതരും കുറ്റ്യാടിയിൽ നിന്ന് ആർആർടിയും സ്ഥലത്തെത്തി കണ്ണവം വനത്തിൽ പരിശോധന നടത്തി. കൃഷഭൂമിയിൽ നിന്ന് മുന്നൂറ് മീറ്റർ അകലെ ആനകൾ തമ്പടിച്ചതായി അധികൃതർ സ്ഥിതികരിച്ചു. ആനകളെ വനത്തിനുള്ളിലേക്ക് തുരത്താനും കൃഷിയിടങ്ങളിലേക്കിറങ്ങാതിരിക്കാനും പടക്കം പൊട്ടിക്കുകയും തീ കത്തിച്ചും പ്രതിരോധ നടപടികൾ സ്വീകരിച്ചു.
കണ്ണവം വനത്തിൽ നിന്ന് പുഴ കടന്ന് പാലൂരിലെ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ മുൻ വർഷങ്ങളിൽ വൻ കൃഷി നാശം വരുത്തിയിരുന്നു.