വാർഡ്തല ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തില്‍
1545278
Friday, April 25, 2025 5:27 AM IST
കോഴിക്കോട്: ജില്ലയിൽ മഞ്ഞപ്പിത്തം, എലിപ്പനി, ഡങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫണ്ടില്ലാതെ ആരോഗ്യവകുപ്പ് ഇരുട്ടിൽതപ്പുന്നു. ജില്ലയിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) മുഖേന വാർഡ് ശുചിത്വ പ്രവർത്തനങ്ങൾക്ക് നൽകിയിരുന്ന 10,000 രൂപ ഇത്തവണ അനുവദിച്ചില്ല. അതിനാൽ വാർഡ്തല ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിലായിരിക്കുകയാണ്.
കിണറുകളുടെ ക്ലോറിനേഷൻപോലും നടത്താൻ പറ്റാത്ത അവസ്ഥയാണെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നു. സാധാരണഗതിയിൽ വർഷത്തിൽ നാലുതവണയും ജലജന്യരോഗങ്ങൾ ഉണ്ടാവുമ്പോൾ അതിൽ കൂടുതലും തവണ ക്ലോറിനേഷൻ നടത്തും. സന്നദ്ധപ്രവർത്തകർക്ക് ഓണറേറിയം നൽകിയാണ് കഴിഞ്ഞവർഷം വരെ ഇത് ചെയ്തുകൊണ്ടിരുന്നത്.
എന്നാൽ, ഫണ്ടില്ലാത്തതിനാൽ ഇത്തവണ അത് മുടങ്ങി. പകർച്ചവ്യാധികളും പകർച്ചവ്യാധി മരണങ്ങളും വ്യാപിക്കുന്നതിനിടെയാണ് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്നത്. എൻഎച്ച്എം പദ്ധതികൾക്ക് സർക്കാറിൽനിന്ന് ലഭിക്കേണ്ട ഫണ്ട് വെട്ടിക്കുറച്ചതാണ് പ്രതിരോധ പ്രവർത്തനങ്ങളെ അവതാളത്തിലാക്കിയത്.