മലബാര്‍ ഗ്രൂപ്പ് സാംബിയയിലെ ഭക്ഷണ വിതരണം വിപുലീകരിച്ചു
1545601
Saturday, April 26, 2025 5:22 AM IST
കോഴിക്കോട്: ദാരിദ്ര്യവും പട്ടിണിയും മാറ്റുകയെന്ന ലക്ഷ്യത്തോടെ മലബാര്‍ ഗ്രൂപ്പ് നടപ്പാക്കി വരുന്ന "ഹംഗര്‍ ഫ്രീ വേള്‍ഡ് ' പദ്ധതിയില്‍ ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലെ ഭക്ഷണ വിതരണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ചു. ഇവിടുത്തെ മൂന്ന് സ്കൂളുകളിലെ 10,000 വിദ്യാര്‍ഥികള്‍ക്കാണ് പ്രതിദിനം പോഷകസമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നത്. സാംബിയയില്‍ കഴിഞ്ഞ വര്‍ഷം "ഹംഗര്‍ ഫ്രീ വേള്‍ഡ്' പദ്ധതി ആരംഭിച്ചിരുന്നു.
ഇതാണ് ഇപ്പോള്‍ വിപുലീകരിച്ചത്. സാംബിയയിലെ ജോണ്‍ ലയിംഗ് പ്രൈമറി സ്കൂള്‍, ചിംഗ് വെലെ പ്രൈമറി സ്കൂള്‍, മാമ്പിലിമ പ്രൈമറി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാർഥികള്‍ക്കാണ് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. സാംബിയയിലെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്കുന്ന പദ്ധതിക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു മില്യണ്‍ യുഎസ് ഡോളര്‍ നല്‍കുമെന്ന് മലബാര്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പദ്ധതി വിപുലീകരിച്ചത്.
ലുസാക്കയിലെ ജോണ്‍ ലയിംഗ് പ്രൈമറി സ്കൂളില്‍ നടന്ന ചടങ്ങില്‍ സാംബിയന്‍ വിദ്യാഭ്യാസ മന്ത്രി ഡഗ്ലസ് സ്യകലിമയാണ് പദ്ധതി വിപുലീകരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്മാന് കെ.പി അബ്ദുള്‍ സലാം, ദുബായിലെ സാംബിയ കോണ്‍സല്‍ ജനറല്‍ ജെറി മുഉക്ക, സൗദി അറേബ്യയിലെ സാംബിയ അംബാസഡര്‍ ഡങ്കന്‍ മുലിമ, സാംബിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ആരിഫ് സയീദ്, സാംബിയന്‍ സര്‍ക്കാറിലെ ഉദ്യോഗസ്ഥര്‍, സ്കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മലബാര്‍ ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട സിഎസ്ആര്‍ പദ്ധതിയാണ് വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന "ഹംഗര്‍ ഫ്രീ വേള്‍ഡ്' പദ്ധതി. ഇത് പ്രകാരം ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലെ 81 നഗരങ്ങളിലായി ദിനംപ്രതി 60,000ത്തിലധികം പേര്‍ക്ക് നിലവില്‍ പോഷക സമൃദ്ധമായ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്.