പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കുന്നവരുടെ എണ്ണം കുറയുന്നു
1545590
Saturday, April 26, 2025 5:17 AM IST
കോഴിക്കോട്:15 വര്‍ഷം കഴിഞ്ഞ പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന വകുപ്പ്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് പുതുക്കാന്‍ 50 ശതമാനം നികുതികൂട്ടിയതോടെ പലരും റിന്യൂവല്‍ ചെയ്യാന്‍ മുതിരുന്നില്ല. രജിസ്ട്രേഷന് പുതുക്കിയില്ലെങ്കില്‍ 3200 രൂപയാണ് പിഴ. മാത്രമല്ല പുതുക്കുന്ന സമയത്ത് ഇന്‍ഷ്വറന്‍സ്, മുന്‍പ് വാഹനങ്ങള്‍ക്കുണ്ടായിരുന്ന പിഴ എന്നിവയെല്ലാം അടയ്ക്കണം. ഫലത്തില്‍ വലിയൊരു തുക ഇതിനായി കണ്ടെത്തണം. ഇതിനായി ഏജന്റുമാര്‍ക്കുള്ള തുക വേറെ.
പഴയ വാഹനങ്ങളുടെ മൂന്നിലൊന്നുപോലും ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തിയില്ലെന്നാണ് വിവരം. വലിയ സാമ്പത്തിക ബാധ്യതവരുന്നതിനാല്‍ പലരും ഇതിന് മുതിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മൂന്നുമാസം വരെ ഒരേ പിഴ തുകയായതിനാല്‍ കാത്തുനില്‍ക്കുന്നവരും വേറെ.
അതേസമയം രജിസ്ട്രേഷന് പുതുക്കാത്ത വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഉദ്യോഗസ്ഥര്‍ക്ക് കാര്‍ കസ്റ്റഡിയില്‍ എടുക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും സാധിക്കും. പഴയവാഹനങ്ങള്‍ പൊളിക്കാന്‍ നിര്ബന്ധിതമാക്കുന്നവിധമാണ് ഏപ്രില്‍ ഒന്നുമുതല്‍
നികുതി വര്‍ധിച്ചത്.
രജിസ്ട്രേഷന് പുതുക്കാന്‍ അധിക തുക ചെലവഴിക്കേണ്ടത് ഇത്തരം വാഹനങ്ങളുടെ ഡിമാന്‍ഡ് കുറക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ കൂടുതല്‍ പേര് തയാറായാല്‍ പുതിയ വണ്ടികളുടെ വില്പന കൂടുമെന്നപ്രതീക്ഷയും അസ്ഥാനത്തായി.15 വര്‍ഷത്തിനുശേഷം ഒരോ അഞ്ചുവര്‍ഷത്തേക്കാണ് സ്വകാര്യവാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കുന്നത്. കുത്തനെയുള്ള വര്‍ധനവ് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വര്‍ഷം 55 കോടിയുടെ അധികവരുമാനമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.