ചക്കിട്ടപാറ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
1534420
Wednesday, March 19, 2025 5:00 AM IST
ചക്കിട്ടപാറ: 65,93,00,000 രൂപയുടെ വരവും 65,43,00,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന നിലവിലുള്ള ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതിയുടെ 2025-26 വർഷത്തെ ബജറ്റ് പ്രസിഡന്റ് കെ. സുനിലിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അവതരിപ്പിച്ചു. നിർദേശിക്കപ്പെട്ട 36 ഇനങ്ങളിൽ ഉയരങ്ങളിലെത്തുകയാണ് പ്രവർത്തന ലക്ഷ്യം.
ഇതിൽ ലൈഫ് ഭവന പുനരുദ്ധാരണം, ഗവ.സ്കൂൾ കുട്ടികൾക്ക് പാർക്ക്, പട്ടിക വർഗ കലാകാരൻമാർക്ക് വാദ്യോപകരണം, വന്യമൃഗ പ്രതിരോധത്തിനായി സൗരോർജ വേലി, മത്സ്യ തൊഴിലാളി സഹകരണ സംഘത്തിന്റെ സൗകര്യം വിപുലീകരീക്കൽ, 200 പേർക്ക് പോത്തുകുട്ടി വിതരണം, എല്ലാ വീട്ടിലും മുട്ടക്കോഴി നൽകൽ, ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ്, പഞ്ചായത്തിലെ 27 അങ്കണവാടികളും എയർ കണ്ടീഷൻ ചെയ്യൽ, പച്ചക്കറിച്ചട്ടി വിതരണം എന്നിവക്ക് പ്രത്യേക പരിഗണന നൽകും.
ഭരണസമിതി അംഗങ്ങളായ എം.എം. പ്രദീപൻ, കെ.എ. ജോസ് കുട്ടി, ലൈസ ജോർജ്, സി.കെ. ശശി, ആലീസ് പുതിയേടത്ത്, രാജേഷ് തറവട്ടത്ത്, ബിന്ദു വത്സൻ, ബിന്ദു സജി, ഇ.എം. ശ്രീജിത്ത്, ഇ.പി. നുസ്റത്ത്, വിനിത മനോജ്, വിനിഷ ദിനേശൻ, അസി. സെക്രട്ടറി ടി.പി. സീന എന്നിവർ സംബന്ധിച്ചു.