പ്രഖ്യാപനം ആത്മാർത്ഥമാണെങ്കിൽ വന്യമൃഗങ്ങളെ വെടിവയ്ക്കാൻ ധൈര്യം കാണിക്കണം: മാജൂഷ് മാത്യു
1533829
Monday, March 17, 2025 5:47 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതി ജനകീയ വികാരത്തിന് ഒപ്പം നിന്നത് ആത്മാർത്ഥമായാണെങ്കിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവയ്ക്കാൻ ധൈര്യം കാണിക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു ആവശ്യപ്പെട്ടു.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ ചക്കിട്ടപാറയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വനാതിർത്തിയിൽ ഇന്റഗ്രേറ്റഡ് റെയിൽവേലി, തൂക്കു വേലി, ട്രഞ്ച് എന്നിവ സ്ഥാപിക്കുന്നതിനു ഫണ്ട് അനുവദിക്കാതെ സംസ്ഥാന സർക്കാർ കർഷകരെ കബളിപ്പിക്കുക യാണെന്നും അദ്ദേഹം ആരോപിച്ചു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി പരിപാടി ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റെജി കോച്ചേരി അധ്യക്ഷത വഹിച്ചു. ജിതേഷ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തി.