ഡാമുകൾക്ക് ചുറ്റുമുള്ള ബഫർ സോൺ കൈക്കൂലിക്കു വേണ്ടിയെന്ന് കിഫ
1534416
Wednesday, March 19, 2025 4:54 AM IST
കൂരാച്ചുണ്ട്: കേരളത്തിലെ ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 61 റിസർവോയറുകളുടെയും പരമാവധി സംഭരണ ശേഷിയിൽ നിന്ന് 120 മീറ്റർ ദൂരം വരെ ബഫർ സോണായി പ്രഖ്യാപിച്ചുകൊണ്ട് നിർമാണ നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തികൊണ്ടുള്ള സർക്കാർ ഉത്തരവ് കൈക്കൂലി വാങ്ങിക്കാനുള്ള പുതിയൊരു തന്ത്രമായി മാത്രമെ കാണാൻ കഴിയുവെന്ന് കർഷക സംഘടനയായ കിഫയുടെ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ ആരോപിച്ചു.
2024 ഡിസംബർ 26ന് പുറത്തിറങ്ങിയ ഉത്തരവിൽ ഡാമുകളുടെ പരമാവധി സംഭരണശേഷിയിൽ നിന്നും 20 മീറ്ററിൽ സ്വന്തം ആവശ്യത്തിനുള്ള വീട് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾക്കും പൂർണ നിരോധനവും അതിനുശേഷം വരുന്ന 100 മീറ്ററിൽ വീടുകൾ ഒഴികെയുള്ള മറ്റെല്ലാ നിർമാണങ്ങൾക്കും നിരോധനവുമാണ് ഉത്തരവിലുള്ളത്. ഡാമുകളുടെ ചുറ്റും 120 മീറ്റർ ദൂരപരിധിയിൽ നിർമാണ നിരോധനം വരുകയും വീട് വയ്ക്കണമെങ്കിൽ പോലും എക്സിക്യൂട്ടീവ് എൻജിനീയറുടെ പ്രത്യേക അനുമതിയും ആവശ്യമായി വരുമെന്നതാണ് ഉത്തരവിന്റെ പരിണിതഫലം.
കേരളത്തിലെ ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 61 ഡാമുകൾക്ക് ചുറ്റും പതിനായിരകണക്കിന് ഏക്കർ ഭൂമി ഉപയോഗ ശൂന്യമാകും. പതിറ്റാണ്ടുകളായി അത്തരം പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയും ജനവഞ്ചനയുമാണിത്.
അടിയന്തരമായി ഉത്തരവ് പിൻവലിച്ച് ബഫർ സോൺ പൂജ്യം പോയിന്റിൽ നിലനിർത്തണം. വിഷയത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്കു തുടക്കം കുറിക്കുമെന്നും കിഫയുടെ ചെയർമാൻ അലക്സ് ഒഴുകയിൽ അറിയിച്ചു.