ഇരുവഴിഞ്ഞി പുഴയിൽ വീണ്ടും നീർനായ ആക്രമണം; മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്
1534415
Wednesday, March 19, 2025 4:54 AM IST
മുക്കം: ചെറിയ ഒരിടവേളക്ക് ശേഷം ഇരുവഴിഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ ആക്രമണം. ഇന്നലെ കാരശേരി ചിപാംകുഴി കടവിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾക്ക് നീർനായ ആക്രമണത്തിൽ പരിക്കേറ്റു.
കാരശേരി സ്വദേശികളായ കബീറിന്റെ മകൻ അലി അഷ്ബിൻ, മുസ്തഫ കളത്തിങ്ങലിന്റെ മകൻ നിഹാൽ, കളത്തിങ്ങൽ രസിലിന്റെ മകൻ നാസൽ എന്നിവർക്കാണ് കടിയേറ്റത്. രാവിലെ 10 :30 ഓടെയായിരുന്നു സംഭവം. വിദ്യാർഥികൾക്ക് കാലിനാണ് പരിക്കേറ്റത്.
അക്രമത്തിൽ പരിക്കേറ്റ കുട്ടികളെ കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ഒരു വർഷത്തിനിടെ നൂറ് കണക്കിന് ആളുകൾക്കാണ് ചാലിയാറിലും ഇരുവഴിഞ്ഞിപുഴയിലുമായി നീർനായ ആക്രമണത്തിൽ പരിക്കേറ്റത്. നീർനായകളെ പിടികൂടാൻ വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചിരുന്നങ്കിലും നിരാശയായിരുന്നു ഫലം.