മുക്കം സ്റ്റാൻഡിലെ പൊതുശൗചാലയ നിർമാണം മന്ദഗതിയിൽ
1533820
Monday, March 17, 2025 5:47 AM IST
ആശങ്ക തീർക്കുന്നത് ഷീറ്റുകൊണ്ട് മറച്ച താത്കാലിക ശൗചാലയത്തിൽ
മുക്കം: കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ഷേഡ് നെറ്റ് കൊണ്ടും ഫ്ലക്സ് ബോർഡുകൾ കൊണ്ടും മറച്ചിരിക്കുന്ന പോർട്ടബിൾ ടോയ്ലറ്റ്. ടോയ്ലറ്റിന് മുകളിൽ ചൂടിനെ പ്രതിരോധിക്കാൻ ചണച്ചാക്കുകൾ വിരിച്ചിരിക്കുന്നു. പ്രവർത്തിക്കുന്ന ഭാഗത്ത് മേൽക്കൂരയില്ല! ഇങ്ങനെയുള്ള ശൗചാലയത്തിലാണ് കഴിഞ്ഞ മൂന്ന് മാസക്കാലമായി മുക്കം ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത്.
മുക്കം ബസ് സ്റ്റാൻഡിൽ പുതിയ പൊതു ശൗചാലയം നിർമിക്കാനായി, പഴയ ശൗചാലയം പൊളിച്ചുനീക്കിയതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലിയ ദുരിതത്തിലാണ്. ബസ് സ്റ്റാൻഡിൽ ഉയരമുള്ള ഒട്ടേറെ കെട്ടിടങ്ങൾ പ്രവർത്തിക്കുന്ന, മേൽക്കൂരയില്ലാത്ത താത്കാലിക ശൗചാലയത്തിൽ കയറാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഭയമാണ്.
പുതിയ ശൗചാലയ സമുച്ചയം നിർമിക്കാനായി കഴിഞ്ഞ സെപ്റ്റംബറിലാണ് പഴയ ശൗചാലയം പൊളിച്ചു നീക്കിയത്. പകരം സംവിധാനം ഒരുക്കാതെയാണ് പഴയ ശൗചാലയം പൊളിച്ചു നീക്കിയിരുന്നത്. എന്നാൽ, നിർമാണത്തിലെ മെല്ലെപ്പോക്ക് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും വീണ്ടും ദുരിതമാവുകയാണ്.
32 ലക്ഷം രൂപ ചെലവിൽ, മൂന്ന് ഘട്ടങ്ങളിലായി ശൗചാലയത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. 16 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ആദ്യ ഘട്ടത്തിന്റെ പ്രവൃത്തി ഓമശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന സൊസൈറ്റിയാണ് കരാറെടുത്തിരിക്കുന്നത്. നിർമാണം തുടങ്ങി മൂന്ന് മാസം പിന്നിട്ടിട്ടും, ശൗചാലയ സമുച്ചയത്തിന്റെ തൂണുകളുടെ പ്രവൃത്തി പോലും പൂർത്തിയായിട്ടില്ല. പുതിയ ശൗചാലയം നിർമിക്കുന്ന സ്ഥലത്തുണ്ടായിരുന്ന മാലിന്യ ടാങ്കുകളാണ് നിർമാണ പ്രവൃത്തി മെല്ലെപ്പോക്കിലാകാൻ കാരണമെന്നാണ് നഗരസഭാ അധികൃതരുടെ വാദം.
മുക്കം നഗരസഭാ കാര്യാലയത്തിന്റെ പാർക്കിംഗ് ഏരിയക്ക് സമീപത്തുണ്ടായിരുന്ന ബയോ ഗ്യാസ് പ്ലാന്റിന്റെ മാലിന്യ ടാങ്കാണ് ഏറ്റവുമൊടുവിലെ പ്രതിസന്ധി. നിറഞ്ഞു നിൽക്കുന്ന മാലിന്യം നീക്കിയാലെ, ഇവിടെ തൂൺ നിർമിക്കാൻ സാധിക്കൂ.
ടാങ്ക് പൊട്ടി മാലിന്യം സമീപത്താകെ പരന്ന് കിടക്കുന്ന അവസ്ഥയാണ്. ഈ മാലിന്യത്തിൽ നിന്ന് രൂക്ഷമായ ദുർഗന്ധവുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. അഞ്ചു ലക്ഷത്തോളം രൂപ ചെലവിൽ നിർമിച്ച്, ഒരു തവണ പോലും ഉപയോഗിക്കാത്ത എയ്റോബിക് പ്ലാന്റ് പൊളിച്ചു മാറ്റി ശൗചാലയ സമുച്ചയം നിർമിക്കുന്നത് വലിയ വിവാദമായിരുന്നു.
കൃത്യമായ ആസൂത്രണമില്ലാതെ, നവീകരണത്തിനായി ശൗചാലയം പൊളിച്ചു നീക്കിയതാണ് വിനയായതെന്നാണ് യാത്രക്കാരുടെയുടെയും വ്യാപാരികളുടെയും ആരോപണം.