നാദാപുരത്ത് വീണ്ടും പൈപ്പ് പൊട്ടി: തൂണേരി, നാദാപുരം മേഖലയിൽ ജലവിതരണം മുടങ്ങി
1534410
Wednesday, March 19, 2025 4:54 AM IST
നാദാപുരം: സംസ്ഥാന പാതയിൽ വീണ്ടും പൈപ്പ് പൊട്ടി. നാദാപുരം - തലശേരി റോഡിൽ ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്ന റോഡിലാണ് പൈപ്പ് പൊട്ടി വലിയ കുഴി രൂപപ്പെട്ടത്. ഇത് വാഹന ഗതാഗതത്തിന് വലിയ തടസമായി.
ഇതോടെ തൂണേരി പഞ്ചായത്തിലും നാദാപുരം പഞ്ചായത്തിലെ കക്കം വെള്ളി ഭാഗത്തും കുടിവെള്ള വിതരണം മുടങ്ങി. ശക്തമായ ചൂടിൽ ജലാശയങ്ങൾ വറ്റി വരണ്ട ഈ സമയത്താണ് കുടിവെള്ളം കിട്ടാതായത്. ഇടക്കിടെ പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെടുന്ന മേഖലയാണിത്.
പൈപ്പിന്റെ ഗുണമേന്മക്കുറവും വാഹനങ്ങൾ പോകുന്നതിനെ തുടർന്നുണ്ടാകുന്ന കടുത്ത സമ്മർദ്ദവുമാണ് പൈപ്പ് പൊട്ടാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാദാപുരം മുതൽ തൂണേരി വരെ നിലവിലെ പൈപ്പ് മാറ്റി ഡിഐ പൈപ്പിടാൻ പ്രപ്പോസിൽ പോയതാണെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.