അപകട കെണിയൊരുക്കി മൂടാത്ത ഓവുചാലുകള്‍
1534193
Tuesday, March 18, 2025 7:05 AM IST
കോഴിക്കോട്: പാതയോരങ്ങളില്‍ അപകടക്കെണിയൊരുക്കി മൂടാത്ത ഓവുചാലുകള്‍. കൈവരിയില്ലാത്തതും പൂര്‍ണമായും സ്ലാബിട്ട് മൂടാത്തതുമായ ഓവുചാലുകളാണ് നഗരത്തില്‍ എത്തുന്നവര്‍ക്ക് ഭീഷണിയായുള്ളത്. കോര്‍പറേഷനില്‍ എലത്തൂരിലെ മാട്ടുവയല്‍ തോട്, അഴീക്കല്‍ തോട്, മാങ്കാവിലെ മഞ്ചക്കതോട്, മൂന്നാലിങ്കല്‍ ഭാഗത്തുകൂടെ ഒഴുകുന്ന ആവിക്കല്‍തോട്, കിണാശേരിയിലെ ചാലില്‍ തോട്, ഫ്രാന്‍സിസ് റോഡ് മനന്തലതോട്, ചക്കുംകടവിലെ കുനിയില്‍ തോട്, നടക്കാവ് കളരിക്കല്ക്കണ്ടി തോട്, ഇരിങ്ങാടന്‍പള്ളി എടന്തോട്ടില് തോട് എന്നിവയെല്ലാം പാതയോരത്തിനോട് ചേര്‍ന്നുള്ളതാണെങ്കിലും സ്ലാബിട്ട് മൂടിയിട്ടില്ല.
ജനങ്ങള്‍ക്കു ഭീഷണി സൃഷ്ടിക്കുന്ന ഈ ഓടകള്‍ സംബന്ധിച്ച് നിരവധി തവണ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് കോര്പറേഷന് പ്രതിപക്ഷ നേതാവ് കെ.സി ശോഭിത പറഞ്ഞു.
ബൈക്കുള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ പോകുന്ന വഴികള്‍ക്ക് സമാന്തരമായാണ് ഇത്തരം തോടുകളുള്ളത്. മഴക്കാലത്ത് ശക്തമായ ഒഴുക്കുള്ള തോടുകളാണിവ. രാത്രി വെളിച്ചമില്ലാത്തതും ഓടകളുടെ സമീപം കാടുകയറിയതും പലപ്പോഴും അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. മഴപെയ്താല്‍ ഓടകള്‍ നിറഞ്ഞൊഴുകുന്ന അവസ്ഥയാണ് പലയിടത്തുമുള്ളത്.
തോടുകള്‍ക്ക് പുറമേ നഗരത്തിലെ പല ഓടകളും സ്ലാബിട്ട് മൂടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. പലയിടത്തും കൈവരികള്‍ പോലും സ്ഥാപിച്ചിട്ടില്ലെന്നാണ് ആരോപണം. കനത്തമഴയില്‍ റോഡരികിലെ ബസ്റ്റോപ്പില്‍ കയറിനില്ക്കുന്നതിനിടെയാണ് കാല്‍വഴുതി കോവൂര്‍ സ്വദേശി ശശി ഓടയില്‍ വീണ് മരിച്ചത്. കൈവരിയില്ലാത്തതും സ്ലാബിടത്തതുമാണ് ശശി ഓടയിലേക്ക് തെന്നി വീഴാന്‍ കാരണമായതെന്നാണ് പറയുന്നത്. 13 വര്‍ഷം മുന്‍പ് റെയില്വേസ്റ്റേഷന് സമീപം പി.വി.എസ് ആശുപത്രി ജങ്ഷനില്‍ ഓവുചാലില്‍ വീണ് കിണാശേരി മനാരി വീട്ടില്‍ ആയിഷബി (60) മരിച്ചിരുന്നു.
2016 ല്‍ പടിഞ്ഞാറെ മാങ്കാവില്‍ ബൈപ്പാസില്‍ സ്ലാബിട്ട് മൂടാതിരുന്ന ഓടയില്‍ വീണാണ് കുഴിപ്പള്ളി തിരുനെല്ലി വീട്ടില്‍ മനംകുളങ്ങര ശശീന്ദ്രന് (55) മരിച്ചത്. കോഴിക്കോട് കോട്ടൂളിയില്‍ തുറന്നിട്ട ഓടയില്‍ വീണാണ് പാചകത്തൊഴിലാളിയായ കോട്ടൂളി പുതിയാറമ്പത്ത് സതീശന് എന്ന കുഞ്ഞന്‍(48)മരിച്ചത്. കോട്ടൂളിയില്‍ നിന്നും സിവില്‍സ്റ്റേഷനിലേക്ക് പോവുന്ന കെ.ടി.ഗോപാലന് റോഡിലെ കരിമ്പനത്താഴത്ത് 2017 ലായിരുന്നു അപകടം. പാലാഴി പുഴമ്പറം റോഡിനോട് ചേര്‍ന്ന ഓവുചാലില്‍ വീണ് രണ്ട് വര്‍ഷം മുമ്പ് രണ്ടുപേരും മരിച്ചിരുന്നു.
മുന്‍പ് മാവൂര്‍ റോഡിലെ ഓടയില്‍ വീണ് ദിവാകരന് എന്ന പോലിസുകാരനും മരിച്ചിരുന്നു. നഗരത്തില്‍ ഇത്തരം അപകടങ്ങള്‍ ധാരാളം സംഭവിച്ചിട്ടും കോര്‍പറേഷന്റെ ഭാഗത്തുനിന്ന് നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ല. താല്‍ക്കാലിക ഓട്ടയടക്കല്‍ അല്ലാതെ ശാശ്വത പരിഹാരമുണ്ടാകുന്നില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.