ചെറുവണ്ണൂരിൽ മേൽപ്പാലം; മണ്ണ് പരിശോധന ആരംഭിച്ചു
1534177
Tuesday, March 18, 2025 7:04 AM IST
കോഴിക്കോട്: ചെറുവണ്ണൂരിൽ മേൽപ്പാലം നിർമാണ പ്രവൃത്തിയുടെ മുന്നോടിയായി മണ്ണ് പരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് റവന്യു വിഭാഗത്തിൽനിന്ന് പൊതുമരാമത്ത് വിഭാഗം ഭൂമി ഏറ്റെടുത്തത്. പിഡബ്ല്യുഡി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലാണ് മണ്ണ് പരിശോധന നടത്തുന്നത്. കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 82.2 കോടി രൂപ ചെലവിട്ട് മേൽപ്പാലം നിർമിക്കുന്നത്.
ചെറുവണ്ണൂർ കരുണ പോസ്റ്റ് ഓഫീസ് മുതൽ ബിഎസ്എൻഎൽ കേന്ദ്രം വരെ നീളുന്ന മേൽപ്പാലത്തിനായുള്ള പ്രധാന തൂണുകൾ വരുന്ന ഏഴു സ്ഥലങ്ങളിലാണ് മണ്ണ് പരിശോധന. മൂന്നിടങ്ങളിൽ പരിശോധന പൂർത്തിയാക്കി. സർവേ നടപടി പൂർത്തിയാക്കി പൊതുമരാമത്ത് ഡിസൈനിങ് വിഭാഗത്തിന് നൽകും.ചെറുവണ്ണൂർ, വട്ടക്കിണർ, അരീക്കാട് എന്നീ രണ്ട് മേൽപ്പാലങ്ങൾക്കും ഒന്നിച്ചാണ് 252.42 കോടിയുടെ ഭരണാനുമതി നൽകിയത്. എന്നാൽ ചെറുവണ്ണൂർ മേൽപ്പാലത്തിന്റെ നിർവഹണ രീതി ഡിബിഎഫ്ഒടി (ഡിസൈൻ ബിൽഡ് ഫിനാൻസ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ) രീതിയിൽനിന്ന് മാറ്റി ഇപിസി (എൻജിനിയറിങ് പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) പ്രകാരം കരാർ നൽകുന്നതിനും തീരുമാനമായിട്ടുണ്ട്.
മേൽപ്പാലം നിർമാണത്തിനായി 119 ഭൂവുടുകളിൽനിന്ന് 3.35 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ഭൂവുടമകൾക്കും കച്ചവടക്കാർക്കുമുള്ള നഷ്ടപരിഹാര തുകയും നൽകി. സ്ഥലമെടുപ്പിന് 31 കോടിയും രണ്ടു കവലകളെ കൂട്ടിയിണക്കി ഒരു കിലോമീറ്റർ പാലം നിർമാണത്തിന് മാത്രം 51 കോടി രൂപയുമാണ് ചെലവ്.