കടലിലും ചൂട് കൂടി; മത്സ്യലഭ്യത കുറഞ്ഞു
1534194
Tuesday, March 18, 2025 7:05 AM IST
കോഴിക്കോട്: കടലില്‍ ചൂട് കൂടിയതോടെ മീന്‍ ലഭ്യത കുറഞ്ഞു. വില കുതിച്ചുകയറുന്നു. കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് കടലിലെ താപനിലയില്‍ വന്ന മാറ്റമാണ് ലഭ്യത കുറയാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അയക്കൂറ, അയല, ചെമ്മീന്‍ എന്നിവക്കാണ് വില കൂടിയത്. മത്തിക്ക് വലിപ്പം വച്ചിട്ടില്ലെങ്കിലും തോണിക്കാര്‍ക്കും ബോട്ടുകാര്‍ക്കും വൻതോതില്‍ ലഭിക്കുന്നുണ്ട്.
അയക്കൂറ കിലോക്ക് ഇന്നലെ 850 രൂപയാണ് വില. ഒരു കിലോ അയലക്ക് 200-250 രൂപവരെയാണ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വില. ഒരു കിലോ ചെമ്മീനിന് 500 രൂപയും നെയ്മീനിന് 400 രൂപയും ആവോലിക്ക് 700 രൂപയുമാണ് വില. പൊതുവെ മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡുള്ള ചെമ്മീന്‍, പഴന്തി, പപ്പന്‍സ്, കേദര്‍ തുടങ്ങിയ വലിയ മീനുകളൊന്നും ഇപ്പോള്‍ മാര്‍ക്കറ്റില്‍ കിട്ടാത്ത സ്ഥിതിയാണ്. ചൂട് കൂടിയതോടെ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാതായതോടെ നത്തോലി, മത്തി തുടങ്ങിയവയൊക്കെ വിപണിയില്കുറഞ്ഞു. നോമ്പ് സീസണായതിനാല്‍ എത്ര വില നല്കി വാങ്ങാനും ആളുണ്ട്. എന്നാല്‍, ഇതിനാവശ്യമായ മീന്‍ മാര്‍ക്കറ്റുകളില്‍ എത്തുന്നില്ല.
ഒരു മാസമായി ഇതര സംസ്ഥാനത്തുനിന്ന് തന്നെയാണ് മാര്‍ക്കറ്റിലേക്ക് പ്രധാനമായും മീന്‍ എത്തുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. തമിഴ്നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നും മീന്‍ വരുന്നുണ്ട്. മത്സ്യത്തിന്റെ വരവ് കുറഞ്ഞതോടെ മാര്‍ക്കറ്റില്‍ കച്ചവടക്കാരും കുറഞ്ഞു.
ഇരുചക്രവാഹനങ്ങളില്‍ വില്‍പ്പന നടത്തുന്നവരും റോഡരികുകളില്‍ കച്ചവടം ചെയ്യുന്നവരും മീന്‍ കിട്ടാനില്ലാതായതോടെ കച്ചവടവും നിര്‍ത്തി. കടലിലെ ചൂട് വര്‍ധിച്ചതോടെ മത്സ്യങ്ങള്‍ കടലിന്റെ അടിത്തട്ടിലേക്ക് കടന്നതായി ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ഒരു മാസമായി മത്സ്യ ബന്ധനത്തിന് പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് കേരള മത്സ്യ തൊഴിലാളി ഫെഡറേഷന് ജില്ലാ സെക്രട്ടറി എം.പി. അഹ്ദുള്‍ റാസിക്ക് പറഞ്ഞു.
വലിയ ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് പോയി വരുന്നതിന് ലക്ഷങ്ങളുടെ ചെലവാണ് വരുന്നത്. ഒന്നും രണ്ടും കോടി രൂപ ചെലവിട്ട് പത്താളുകളോളം ചേര്‍ന്ന് വായ്പയെടുത്താണ് പല ബോട്ടുകളും ഇറക്കുന്നത്. ഇത് കൂടാതെ ഐസ്, ഇന്ധന ചിലവ്, തൊഴിലാളികളുടെ ഭക്ഷണം, കൂലി എന്നീ ചെലവുകള്‍ വേറെയുമാണ്. ഇതില്‍ 50,000 രൂപക്ക് മീന്‍ കിട്ടിയാല്‍ രണ്ട് ലക്ഷത്തോളം രൂപയാണ് ഇവര്‍ക്ക് നഷ്ടടം വരുന്നത്. മീന്‍ കുറഞ്ഞതോടെ വലിയ ബോട്ടുടമകള്‍ നഷ്ടം സഹിച്ച് കടലില്‍ പോകാന്‍ തയാറാകുന്നില്ല. ഇതോടെ ബേപ്പൂര്‍, ചാലിയം, പുതിയാപ്പ, വെള്ളയില്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് പകുതിയിലേറെ ബോട്ടുകളും ഹാര്‍ബറില്‍ കെട്ടിയിട്ടിരിക്കുകയാണ്.
മീന്‍ കുറഞ്ഞതോടെ ഉണക്കമീന്‍ വിപണിയിലും വില കൂടിയിട്ടുണ്ട്. പുതിയാപ്പ ഹാര്‍ബര്‍, വെള്ളയില്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഉണക്കമീന്‍ കയറ്റി അയക്കുന്നത്. ഉണക്ക നെത്തോലിക്ക് കിലോക്ക് നേരത്തെ 200-250 രൂപ വിലയുണ്ടായിരുന്നത് ഇപ്പോള്‍ 300 രൂപവരെ ഉയര്‍ന്നിട്ടുണ്ട്. മത്തി, അയല എന്നിവയ്ക്ക് കിലോക്ക് 160 രൂപയാണ് വില. നേരത്ത 120 രൂപയായിരുന്നു. ചെമ്മീന്‍ കിലോക്ക് 300 രൂപയാണ് വില. നേരത്തെ 250 രൂപയായിരുന്ന വില.
സ്വന്തം ലേഖകന്‍