റോഡ് നിർമാണം : കച്ചവടക്കാരുടെ ആശങ്ക അകറ്റണം: വ്യാപാരി വ്യവസായി ഏകോപന സമിതി
1533821
Monday, March 17, 2025 5:47 AM IST
തിരുവമ്പാടി: ആനക്കാംപൊയിൽ -കള്ളാടി തുരങ്കപാതയുടെ കണക്ടിംഗ് റോഡായ തിരുവമ്പാടി - പുല്ലൂരാംപാറ- ആനക്കാംപൊയിൽ- മറിപ്പുഴ റോഡ് നിർമാണം ആനക്കാംപൊയിൽ ടൗണിലെ കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ നടത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആനക്കാംപൊയിൽ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
ആനക്കാംപൊയിൽ അങ്ങാടിയിലൂടെ കടന്നുപോകുന്ന റോഡിന്റെ ഇരു വശത്തുമുള്ള കച്ചവട സ്ഥാപനങ്ങളോട് ചേർന്ന് നടപ്പാത നിർമിക്കണമെന്നും ഏഴ് മീറ്റർ ടാറിംഗ് കഴിഞ്ഞു വരുന്ന ഭാഗം കട്ട വിരിച്ച് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പര്യാപ്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇങ്ങനെ ചെയ്യാത്ത പക്ഷം കച്ചവട സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയാതെ വരികയും കടയിൽ നിന്ന് സാധനങ്ങൾ വാഹനത്തിൽ കയറ്റുവാനോ ഇറക്കുവാനോ കഴിയാത്ത ഒരു സാഹചര്യം ഉണ്ടാവുകയും ചെയ്യും.
റോഡ് പണി പൂർത്തീകരിച്ച തിരുവമ്പാടി, പുന്നക്കൽ, പുല്ലൂരാംപാറ, നെല്ലിപ്പൊയിൽ തുടങ്ങിയ അങ്ങാടികളിലെ കച്ചവടക്കാരും പൊതുജനവും ഈ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജോൺസൺ വയലിൽ അധ്യക്ഷത വഹിച്ചു.
ജോസ് റാപ്പുഴ, ജോജി കാരുവള്ളി, വിനോദ് കാട്ടുപാലത്ത്, ബിജു അരിപ്പാറ, ബിനു ചകിട്ട മുറിയിൽ, ജിന്റോ വെള്ളാരം കുന്നേൽ, മെറീന സാബു, ഗോപിനാഥൻ മുളയോലിൽ, ബാബു തച്ചുകുന്നേൽ, അരുൺ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.