പണമില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങി: കേസെടുത്തു
1534417
Wednesday, March 19, 2025 4:54 AM IST
കോഴിക്കോട്: കൂടരഞ്ഞി കരിങ്കുറ്റിയിൽ കാറിടിച്ച് ഇടതുകാലിന്റെ എല്ലുപൊട്ടിയ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ഒറ്റയ്ക്ക് താമസിക്കുന്നയാൾക്ക് സർജിക്കൽ സാധനങ്ങൾ വാങ്ങി നൽകാൻ പണമില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നോട്ടീസയച്ചു.
ആരോഗ്യവകുപ്പു സെക്രട്ടറി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജൂഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഏപ്രിലിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കൂലിപ്പണി ചെയ്തും ആക്രി വിറ്റും ജീവിക്കുന്ന പാലക്കാട് കോട്ടായി സ്വദേശി അയ്യപ്പനെ (50) കഴിഞ്ഞ ഏഴിനാണ് കാറിടിച്ചത്. 16 മണിക്കൂർ റോഡിൽ കിടന്ന അയ്യപ്പനെ പൊതു പ്രവർത്തകനാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി വികസന സമിതിയുടെ സർജിക്കൽ ഷോപ്പിൽ ആറ് കോടി നൽകാനുള്ളതിനാൽ സാധനങ്ങൾ നൽകുന്നില്ല.
ന്യായവില മെഡിക്കൽ ഷോപ്പിനും കുടിശിക നൽകാനുണ്ട്. പണമില്ലാത്തതിനാൽ സാധനങ്ങൾ വാങ്ങി നൽകാത്തതു കൊണ്ടാണ് ശസ്ത്രക്രിയ നടത്താൻ കഴിയാത്തത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.