കെ-ഫോണ്: രണ്ടാംഘട്ടത്തിന് തുടക്കം
1534411
Wednesday, March 19, 2025 4:54 AM IST
കോഴിക്കോട്: ഡിജിറ്റൽ ലോകത്ത് കുതിക്കാൻ കെ-ഫോൺ സൗജന്യ കണക്ഷൻ കൂടുതൽ വീടുകളിലേക്ക്. സാമ്പത്തികമായി പിന്നാക്കമായ കുടുംബങ്ങൾക്ക് സൗജന്യ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കഴിഞ്ഞ ദിവസം ജില്ലയിൽ തുടക്കമായി.
മണിക്കൂറുകൾക്കകം നാലു വീടുകളിൽകൂടി കണക്ഷൻ നൽകി. രണ്ട് ഘട്ടങ്ങളിലായി ഇതുവരെ 5,14 വീട്ടിലാണ് കണക്ഷൻ ലഭ്യമാക്കിയത്. മഞ്ഞ കാർഡ് ഉടമകൾക്കാണ് സൗജന്യ കണക്ഷൻ നൽകുന്നത്. രണ്ടാം ഘട്ടത്തിലേക്ക് മാർച്ച് ആദ്യമാണ് അപേക്ഷ ക്ഷണിച്ചത്. ഇതുവരെ 453 അപേക്ഷകൾ ലഭിച്ചു.
അപേക്ഷിക്കുന്ന ക്രമത്തിലാണ് കണക്ഷൻ നൽകുന്നത്. നിലവിൽ കെ ഫോൺ സേവനം ലഭ്യമായ പ്രദേശങ്ങൾക്ക് മുൻഗണനയുണ്ട്. ആദ്യ ഘട്ടത്തിൽ 510 വീട്ടിലാണ് സൗജന്യ കണക്ഷൻ നൽകിയിരുന്നത്. ജില്ലയിലെ വാണിജ്യ- സൗജന്യ കെ ഫോൺ കണക്ഷൻ ആറായിരം കടന്നു. ഓഫീസുകളിലും വീടുകളിലുമായി ഇതുവരെ 6,306 കണക്ഷൻ നൽകി.
വാണിജ്യ ഗാർഹിക ഉപഭോക്താക്കൾ- 3,660. സർക്കാർ ഓഫീസുകൾ- 2,132. സർക്കാർ സൈബർ പാർക്കിലും ഊരാളുങ്കൽ സൈബർ പാർക്കിലും കണക്ഷൻ (ഇന്റർനെറ്റ് ലീസ്ഡ് ലൈൻ) നൽകി. കണക്ഷൻ എണ്ണത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ് ജില്ല. കേബിളിടൽ 95 ശതമാനം പൂർത്തിയായി. ദേശീയപാത നവീകരണം നടക്കുന്നിടങ്ങളിൽ മാത്രമാണ് കേബിളിടാനുള്ളത്.