ഇരുവഞ്ഞിപ്പുഴയോരത്ത് പാർക്കിന് സാധ്യത തെളിയുന്നു
1490139
Friday, December 27, 2024 4:18 AM IST
പ്രതീഷ് ഉദയൻ
തിരുവമ്പാടി: ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് സായാഹ്നങ്ങൾ ചെലവഴിക്കാനൊരിടമെന്ന മലയോര, കുടിയേറ്റ നിവാസികളുടെ ചിരകാലഭിലാഷത്തിന് ഒടുവിൽ പച്ചക്കൊടി. ബഹളങ്ങളിൽ നിന്നെല്ലാം അകന്ന് നഗരത്തിൽനിന്ന് തെല്ലകലെ ചേപ്പിലംകോട് പമ്പ് ഹൗസിനോട് ചേർന്ന് ഉപയോഗശൂന്യമായിക്കിടക്കുന്ന നാല് ഏക്കറോളംവരുന്ന പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിലാണ് പൊതുപാർക്കിന് സാധ്യത തെളിയുന്നത്.
പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തി ഇവിടെ തീരസംരക്ഷണഭിത്തി നിർമാണം ആരംഭിച്ചുകഴിഞ്ഞു. പച്ചത്തുരുത്തോടെ തികച്ചും പ്രകൃതിസൗഹൃദ പാർക്കിന് സഹായവാഗ്ദാനങ്ങളുമായി നാട്ടുകാർ രംഗത്തുണ്ട്. മലയോരഫാം ടൂറിസം പദ്ധതിയുടെ സാധ്യതകളും ഉപയോഗപ്പെടുത്തി ഇക്കോ ടൂറിസത്തിനുകൂടി ഉതകുന്ന പദ്ധതിയാണ് പഞ്ചായത്ത് അധികൃതരുടെ ഭാവനയിലുള്ളത്. മലയോര കുടിയേറ്റമേഖലയുടെ ആസ്ഥാനനഗരമായ തിരുവമ്പാടിയിൽ പൊതു പാർക്കോ സായാഹ്ന വിശ്രമസങ്കേതമോ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ ചില്ലറയല്ല.
കുടുംബത്തോടൊപ്പം സായാഹ്നങ്ങൾ ചെലവഴിക്കാൻ സമീപനഗരങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇന്നും ഈ നാട്ടുകാർക്ക്. ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളുളള മേഖലയുടെ ആസ്ഥാനനഗരത്തിനാണ് ഈ ഗതി. സിനിമാ തിയേറ്ററുകൾ വർഷങ്ങൾക്കുമുമ്പേ പൂട്ടി.
സാംസ്കാരിക നിലയത്തിന്റെ പ്രവർത്തനമാകട്ടെ ഭാഗികം. റഫറൻസ് സൗകര്യങ്ങളോടെയുള്ള ആധുനിക ലൈബ്രറിവേണമെന്ന അക്ഷരപ്രേമികളുടെ ചിരകാലാഭിലാഷം ഇനിയും സാക്ഷാത്കരിച്ചിട്ടില്ല. സ്കൂൾ ഗ്രൗണ്ടുകൾ അല്ലാതെ പൊതുമൈതാനവും ഇല്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ടൗണിൽനിന്ന് തെല്ലകലെ പാതിരാമണ്ണിൽ പുറംപോക്ക് ഭൂമിയിൽ കളിസ്ഥലം നിർമിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
ഇതിനേക്കാൾ എന്തുകൊണ്ടും അനുയോജ്യമാണ് നഗരത്തോട് ചേർന്നു കിടക്കുന്ന ചേപ്പിലംകോട് പ്രദേശത്തെ സാധ്യതകൾ. വേനൽകാലത്ത് ചെക്ക് ഡാം കെട്ടി ബോട്ട് സർവീസ് തുടങ്ങാവുന്നതാണ്. ചിൽഡ്രൻസ് പാർക്ക്, മുതിർന്ന പൗരന്മാർക്ക് പകൽവീടുകൾ ഉൾപ്പെടെ വിനോദ, വിശ്രമ പദ്ധതികൾക്കാണ് ആലോചന നടക്കുന്നത്.