ഫാമിലെത്തി വാത്തയെ വിഴുങ്ങിയ പെരുമ്പാന്പ് പിടിയിൽ
1588131
Sunday, August 31, 2025 6:56 AM IST
കുറ്റിച്ചൽ: ഫാമിൽ കയറി വാത്തയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വെള്ളനാട് ചാരുപാറ ജയശ്രീയുടെ ഫാമിൽ കയറിക്കൂടിയ കൂറ്റൻ പെരുമ്പാമ്പിനെയാണ് കുറ്റിച്ചൽ പരുത്തിപള്ളി വനം വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസറും ആർആർടി അംഗവുമായ ജി.എസ്. റോഷ്ണി പിടികൂടിയത്.
അൻപത് കിലോയോളം ഭാരവും 12 അടിയിൽ അധികം നീളമുള്ള പെരുമ്പാമ്പിനെ ശനിയാഴ്ച രാവിലെ ഏഴോടെയാണു പിടികൂടിയത്. ഫാമിലെ വാത്തയെ വിഴുങ്ങിയ നിലയിൽ ആയിരുന്നു പാമ്പ്. ഇവിടെനിന്ന് ഇതിനുമുമ്പും മൂന്നിലധികം പാമ്പുകളെ പെരുമ്പാമ്പുകളെ പിടികൂടിയിട്ടുണ്ട്. കോഴി, വാത്ത, താറാവ് തുടങ്ങിയവയെ വിപുലമായി വളർത്തുന്ന ഫാം കരമനയാറ്റിൽ കരയിലാണ് സ്ഥിതി ചെയ്യുന്നത്.
ആറ്റിൽനിന്നായിരിക്കാം പാന്പ് ഇവിടെ എത്തി എത്തിയതെന്നാണു പ്രാഥമിക നിഗമനം. പരുത്തിപ്പള്ളി വനം വകുപ്പിന്റെ കീഴിൽ ഇക്കഴിഞ്ഞ ആഴ്ചകളിൽ ആറോളം പെരുമ്പാമ്പുകളെയാണ് പിടികൂടിയത്. മഴ തുടങ്ങിയ സാഹചര്യത്തിൽ വീണ്ടും മലമ്പാമ്പുകൾ നാട്ടിലേക്ക് എത്തുന്നുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണം എന്ന് അധികൃതർ പറഞ്ഞു